ഇലവുംതിട്ട: എസ്.എൻ.ഡി.പി യോഗം ഇലവുംതിട്ട വെസ്റ്റ് 558-ാം നമ്പർ നെടിയകാല ശാഖാ ഗുരുമന്ദിരത്തിന്റെ കൽവിളക്ക് അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് നെടിയകാല വെട്ടിമേലുത്തേതിൽ വല്യഉണ്ണി ( ഷാജി-54),തെങ്ങിടയിൽ മിട്ടു(35)എന്നിവരെ അറസ്റ്റുചെയ്തു.
ഇന്നലെ പുലർച്ചെ 5 മണിയോടെ പൂജാരി ശശികുമാർ നട തുറക്കാൻ വന്നപ്പോഴാണ് കൽവിളക്ക് തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് ശാഖാ ഭാരവാഹികൾ പൊലീസിന് പരാതി നൽകി. മദ്യപിച്ച് പരസ്പരം അടിപിടി ഉണ്ടായതിനിടയിൽ കൽവിളക്ക് അടിച്ചുതകർക്കുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചതായി ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിനോദ് കൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ശാഖാ പ്രവർത്തകർ പ്രകടനം നടത്തി..ശാഖ വൈസ് പ്രസിഡന്റ് ജയകുമാർ,സെക്രട്ടറി രമണൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ യോഗം യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു, ജി ദിവാകരൻ,വിനീതാ അനിൽ, പിങ്കി ശ്രീധരൻ, വിജയൻ, പ്രേംകുമാർ, അനിത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യോഗം ഡയറക്ടർ ബോർഡംഗം രാഖേഷ് സ്വാഗതവും ശാഖാ സെക്രട്ടറി രമണൻ നന്ദിയും പറഞ്ഞു.
സി.പി.ഐ മെഴുവേലി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു എം.ജെ.ജയസിംഗ്,അനിൽ തടത്തിൽ,സണ്ണി, മനോജ് ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് സിപിഎം ഇലവുംതിട്ട ലോക്കൽ സെക്രട്ടറി മംഗളൻ സിംഗ് ആവശ്യപ്പെട്ടു.