മല്ലപ്പള്ളി: മതസൗഹാർദ്ദത്തിന്റെ സന്ദേശം പകർന്ന് മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്ര ഭാരവാഹികളും മല്ലപ്പള്ളി ടൗൺ ജുമാ മസ്ജിദ് ഭാരവാഹികളും മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയർ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പുഴുക്ക് നേർച്ചയ്ക്കുള്ള സാധനങ്ങൾ കൈമാറി. മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ളവ പ്രസിഡന്റ് എസ്.മനോജിൽ നിന്ന് പള്ളി വികാരി ജോൺ കരുപ്പനശ്ശേരി ഏറ്റുവാങ്ങി. തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന സമൂഹനന്മയ്ക്ക് വേണ്ടിയുള്ള വിഭവസമാഹരണ ഉൽപ്പന്നങ്ങൾ വികാരിയിൽ നിന്ന് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി. മല്ലപ്പള്ളി ടൗൺ ജുമാ മസ്ജിദിൽ നിന്നുള്ള വിഭാഗങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾറഹ്മാൻ വികാരിയച്ചന് കൈമാറി. ക്ഷേത്രം ഭാരവാഹികളായ മാധവൻപിള്ള, പി.വി പ്രസാദ്, റെജി തേക്കുങ്കൽ, സോമകുമാർ കരുവേലിൽ, സോമൻ ആചാരി, മുസ്ലീം പള്ളി ഭാരവാഹികളായ അൻസാരി മല്ലപ്പള്ളി, ഷാജഹാൻ, നിസാർ, ഷുക്കൂർ, പള്ളി ഭാരവാഹികളായ ജോസഫ് മാത്യു, എ.ഡി. ജോൺ, എം.ജെ. മാത്യു, മോൻസി വർഗീസ്, ഫിലിപ്പോസ് തോമസ്, സുനിൽ, ജിന്റോ, സാനു, സാന്റി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.