മല്ലപ്പള്ളി: കന്യാസ്ത്രീകൾ നടത്തുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ഇന്നലെ രാവിലെ മോഷണം. മൂശാരിക്കവലയ്ക്ക് സമീപമുള്ള വനിതാ ഹോസ്റ്റലിലാണ് മോഷണം നടന്നത്. ഹോസ്റ്റലിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ചു. മുറിക്കുള്ളിൽ താമസിച്ചിരുന്നവരുടെ സാധനങ്ങൾ വലിച്ചുവാരിയിട്ടു. അവധി ദിവസമായിരുന്നതിനാൽ ഹോസ്റ്റലിൽ താമസക്കാരില്ലായിരുന്നു. ഇവർ എത്തിയെങ്കിൽ മാത്രമെ നഷ്ടം കണ്ടെത്താൻ സാധിക്കുകയുള്ളു. ഇന്നലെ രാവിലെ ഹോസ്റ്റൽ അധികാരിയായ കന്യാസ്ത്രീ പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാവിലെ നെടുങ്ങാടപ്പള്ളി സെന്റ് ഫീലോമിനാസ് അഡോറേഷൻ കോൺവെന്റിലും മോഷണശ്രമം നടന്നു. മഠത്തിന്റെ അടുക്കള ഭാഗത്തെ വാതിലിലൂടെ അകത്തുകടന്ന മോഷ്ടാവ് കന്യാസ്ത്രീകളെ കണ്ട് മതിൽചാടി രക്ഷപെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഇവിടെയുള്ളവരെല്ലാം പള്ളിആരാധനയ്ക്ക് പോകുന്ന സമയത്താണ് മോഷണ ശ്രമം നടന്നത്.ഇന്നലെ രണ്ടുപേർ പോകാതിരുന്നതിനാൽ കള്ളന്റെ ശ്രമം നടന്നില്ല. രണ്ട് സംഭവങ്ങളിലും കീഴ് വായ്പ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.