പത്തനംതിട്ട : പി.എസ്.സിയുടെ സപ്ലൈകോ അസി.സെയിൽസ് മാനേജർ റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ അതേ ജോലി ചെയ്യുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ പരാതി.
സപ്ലൈകോയിൽ 1996ൽ 2100 അസി.സെയിൽസ് മാനേജർ തസ്തികയാണ് ഉണ്ടായിരുന്നത്. ഇത് വെട്ടിച്ചുരുക്കി 200 താൽക്കാലിക അസി.സെയിൽസ് മാനേജർ തസ്തികയും 151 ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഗോഡൗണിലെ അസി.സെയിൽസ് മാനേജർ (എൻ.എഫ്.എസ്.എ എ.എസ്.എം) തസ്തികയും ഉൾപ്പെടെ 1839 അസി.സെയിൽസ് മാനേജർ തസ്തികയാണ് ഇന്ന് സപ്ലൈകോയിലുള്ളത്. 2251 തസ്തികയിൽ സ്ഥിര നിയമനത്തിന് സാഹചര്യമുള്ളപ്പോൾ സപ്ലൈകോ റാങ്ക് ലിസ്റ്റിനെ പൂർണമായും അവഗണിക്കുകയാണ്.
1996 മുതൽ 2019 വരെയുള്ള കാലയളവിൽ നൂറുകണക്കിന് ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് സപ്ലൈകോ തുടങ്ങി. എന്നാൽ അസി.സെയിൽസ് മാനേജർ തസ്തികകൾ സൃഷ്ടിച്ചില്ല.
50 ശതമാനത്തിനു മുകളിൽ മാവേലിസ്റ്റോറുകൾ സൂപ്പർമാർക്കറ്റായി ഉയർത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ആനുപാതികമായി അസി.സെയിൽസ് മാനേജർ നിയമനം നടന്നില്ല. റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ മുതൽ താൽക്കാലികക്കാർക്ക് വേണ്ടിയുള്ള വാദങ്ങൾ സപ്ലൈകോയിൽ സജീവമായിരുന്നു. ഇപ്പോൾ താൽക്കാലികകാരെ കുത്തിനിറച്ചാണ് സപ്ലൈകോ മുന്നോട്ടുപോകുന്നത്. 15,500 എന്ന ശമ്പളത്തോടെ 10 വർഷം സർവീസുള്ള താൽക്കാലികകാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
"പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ നടക്കുന്ന ഇത്തരത്തിലുള്ള നീക്കത്തിനെതിരെ കോടതി നടപടിയുമായി മുന്നോട്ട് പോകും. വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പുറത്തുനിറുത്തിയാണ് സപ്ലൈകോയുടെ നടപടി.
രഞ്ജിത്ത് ആർ. നായർ
സപ്ലൈകോ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ അംഗം