പത്തനംതിട്ട: നഗരസഭ ചപ്പുചവറുകൾ ഇടുന്ന നിലത്തിൽ വാണിജ്യ സ്ഥാപനം നിർമ്മിക്കുവാൻ നഗരസഭാ കൗൺസിലറുടെ പേരിലുള്ള വസ്തുവിൽ അനുമതി നൽകിയതായുള്ള വിവരാവകാശ രേഖ പുറത്ത്. കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾ 23 (1) പ്രകാരം ചപ്പുചവറുകളും മാലിന്യങ്ങളും നിറഞ്ഞ പ്ലോട്ടിൽ അനുമതി നൽകാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് പത്തനംതിട്ട നഗരസഭാ കൗൺസിലർ കൂടിയായ കുമ്പഴ കിഴക്കേക്കര വീട്ടിൽ ദീപു ഉമ്മന്റെ പേരിൽ പത്തനംതിട്ട വില്ലേജിൽ മൃഗാശുപത്രിക്കു സമീപമുള്ള 221/3 എ സർവേ നമ്പരിൽപ്പെട്ട വസ്തുവിൽ വാണിജ്യ സ്ഥാപനം നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നു വിവരാവകാശ രേഖയിലൂടെ വ്യക്തമാണ്.വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫീസിൽ നിന്നും ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ വെളിവാകുന്നത്. റവന്യൂ വകുപ്പിന്റെ കൈവശ അവകാശ സർട്ടിഫിക്കറ്റിൽ വയൽ എന്നു രേഖപ്പെടുത്തിയതും ഡാറ്റാ ബാങ്കിൽ നിലം നികത്തി മുനിസിപ്പാലിറ്റി ചപ്പുചവർ ഇടുന്ന സ്ഥലം എന്നു രേഖപ്പെടുത്തിയതുമായ ദീപു ഉമ്മന്റെ ഭൂമിയിലാണ് വാണിജ്യ സ്ഥാപനം നിർമ്മിക്കാൻ നിയമവിരുദ്ധമായി 2018 ജൂൺ 21ൽ നഗരസഭ അനുമതി നൽകിയിരിക്കുന്നത്. നിയമവിരുദ്ധമായി അനുമതി നൽകിയ നഗരസഭ അസിസ്റ്റന്റ് എൻജിനിയർ ബിനുവിനെതിരെ നടപടിയെടുക്കണമെന്നും ലോക്കൽ ഫണ്ട് ഓഡിറ്റ് സർക്കാരിനോടു ശുപാർശ ചെയ്തു. പെർമിറ്റ് റദ്ദു ചെയ്യണമെന്ന് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടിട്ടുണ്ട്.

"2018 ജൂണിൽ നടന്ന കാര്യമാണ്. ഈ ഫയൽ ഞാൻ കണ്ടിട്ടില്ല. ഇങ്ങനൊരു കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫയൽ നോക്കി ഇതിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് കണ്ടെത്തിയാൽ തീർച്ചയായും നടപടി എടുക്കും.

റോസ്ലിൻ സന്തോഷ്

നഗരസഭാ ചെയർപേഴ്സൺ