ശബരിമല: ലക്ഷങ്ങൾ ചെലവഴിച്ച് സന്നിധാനത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരത്തിലെ (കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സ്ഥലം) സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവും കാരണം കാണിക്കപ്പണം കുന്നുകൂടുന്നു. ഈ മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. എണ്ണിത്തീരാത്തതിനാൽ പണം കൊട്ടകളിലാക്കി ഭണ്ഡാരത്തിലെ മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദിവസവും രാത്രി 11 വരെ ജീവനക്കാർ ഓവർടൈമിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും എണ്ണിത്തീർക്കാനാവാത്ത സ്ഥിതിയാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കാമെന്ന് വച്ചാലും സ്ഥലപരിമിതിയാണ് തടസം.
130 ദേവസ്വം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിനായി ഇത്തവണ നിയോഗിച്ചിരുന്നത്. മുൻ വർഷങ്ങളിൽ 250 ജീവനക്കാരും ക്ഷേത്ര കലാപീഠത്തിലെ 100 വിദ്യാർത്ഥികളുമുണ്ടായിരുന്നു. സ്പെഷ്യൽ ഓഫീസർ ഉൾപ്പെടെ നാല് പേരാണ് ഇപ്പോൾ മേൽനോട്ടത്തിനുള്ളത്. എന്നാൽ ഇതിൽ കാണിക്ക തിട്ടപ്പെടുത്താൻ പരിചയമുള്ള സബ് ഗ്രൂപ്പ് ഓഫീസർമാരില്ല. ഒരു അസി. കമ്മിഷണർ ഒഴിച്ചുള്ളവർ മരാമത്തിലുള്ളവരാണ്. ഇവരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമാണ്.
അശാസ്ത്രീയം
ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ രീതിയാണ് പുതിയ ഭണ്ഡാരത്തിന്റെ സ്ഥലലഭ്യത കുറച്ചത്. കൺവെയർ ബെൽറ്റുകൾ സ്ഥാപിച്ചതിലെ അശാസ്ത്രീയതയും ഭണ്ഡാരം സ്പെഷ്യൽ ഓഫീസറുടെ കാബിൻ വിശാലമാക്കിയതും സ്ഥലനഷ്ടത്തിന് കാരണമായി. പരിശോധനാ മുറി, ധനലക്ഷ്മി ബാങ്കിന്റെ ഉപശാഖ തുടങ്ങിയവയ്ക്കെല്ലാം അനാവശ്യമായി സ്ഥലം വിനിയോഗിച്ചിരിക്കുകയാണ്. ഇവിടെ അഗ്നി സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല.
സ്ട്രോംഗ് റൂമിൽ ഗ്ലൗസും മാസ്കും
ആറ് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് രണ്ട് സ്ട്രോംഗ് റൂം സ്ഥാപിച്ചെങ്കിലും അതിൽ ഇപ്പോൾ സൂക്ഷിക്കുന്നത് ഭണ്ഡാരം ജീവനക്കാർക്കുള്ള ഗ്ലൗസും മാസ്കുകളും. എണ്ണുന്ന പണം അപ്പപ്പോൾ ധനലക്ഷ്മി ബാങ്ക് അധികൃതർ ഏറ്റുവാങ്ങുമെന്നിരിക്കേ സ്ട്രോംഗ് റൂം സ്ഥാപിച്ചത് സ്ഥല നഷ്ടത്തിന് കാരണമായി.
പഴയ ഭണ്ഡാരം തുറക്കേണ്ടി വരും
കാണിക്ക എണ്ണാൻ കൂടുതൽ പേരെ നിയോഗിച്ചാൽ പഴയ ഭണ്ഡാരം തുറക്കേണ്ടി വരും. പഴയതിൽ രണ്ട് നിലകളിലായി 350 പേർക്ക് ജോലി നോക്കാമെന്നിരിക്കേ പുതിയതിൽ കഷ്ടിച്ച് 180 പേർക്ക് ഇരിക്കാനുള്ള സൗകര്യമേയുള്ളൂ.