25-urakuzhy

ശബരിമല: ഭക്തർക്ക് സ്‌നാനത്തിനായി ഉരക്കുഴി തീർത്ഥം കലിയുഗവരദന്റെ കാനനക്ഷേത്രത്തിലേയ്‌​ക്കെത്തുവർക്ക് നിർവൃതിയേകി ശബരിമലയിലെ ഉരക്കുഴി തീർത്ഥം. സന്നിധാനത്തെ മാളികപ്പുറത്തിന് വടക്കുഭാഗത്തായി പാണ്ടിത്താവളത്തുനിന്ന് 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീർത്ഥം സ്ഥിതിചെയ്യുന്നത്. അയ്യപ്പന്റെ ഐതിഹ്യവുമായി ബ​ന്ധ​പ്പെട്ട ഉരക്കുഴി തീർത്ഥം പാപനാശിനിയാണെന്നാണ് വിശ്വാസം. മഹിഷി നിഗ്രഹത്തിന് ശേഷം അയ്യപ്പൻ ഇവിടെ സ്‌നാനം നടത്തിയെന്നാണ് വിശ്വാസം. ഏറെ വിശ്വാസികൾ ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി എത്തിച്ചേരുന്നുണ്ട്. കുമ്പളം തോട്ടിലുള്ള വെള്ളച്ചാട്ടത്തിന് കീഴെയായി ഒരാൾക്ക് ബുദ്ധിമുട്ടില്ലാതെ മുങ്ങിക്കുളിക്കാൻ കഴിയുന്ന കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്. ചെറിയ കുഴിയായി തോന്നുമെങ്കിലും ഏറെ സൗകര്യപ്രദമാണ് ഇവിടം. തെളിഞ്ഞ, തണുത്ത വെള്ളത്തിലുള്ള സ്‌​നാനം തീർത്ഥാടകരെ ഉന്മേഷഭരിതരാക്കുന്നു. പരമ്പരാഗത പുൽമേട് കാനനപാതയിലുടെ വരുന്ന തീർത്ഥാടകർ ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ചാണ് സന്നിധാനത്ത് എത്താറ്. ഭഗവത് ദർശനത്തിനുശേഷവും ഈ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് ജീവിത പാപഭാരങ്ങളും ക്ഷീണവും കഴുകികളഞ്ഞ് ഓരോ ഭക്തനും മലയിറങ്ങുന്നു.