സന്നിധാനത്ത് ശുചീകരണയജ്ഞം നടത്തി
ശബരിമല: അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമായി വലിയനടപ്പന്തൽ, മാളികപ്പുറം, തിരുമുറ്റം, പതിനെട്ടാംപടി തുടങ്ങിയ ഇടങ്ങളിൽ സന്നിധാനത്തെ വിവിധവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ശുചീകരണയജ്ഞം നടത്തി. ഭക്തജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാത്ത രീതിയിൽ ഉച്ചയ്ക്ക് നട അടച്ചശേഷം ആരംഭിച്ച ശുചീകരണം മൂന്നുമണിക്കൂറോളം നീണ്ടു. ഹൈപ്രഷർ ഹൈഡ്രന്റ് പമ്പയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ശുചിയാക്കുന്നതിനോടൊപ്പം വിശുദ്ധിസേനാംഗങ്ങളും ശുചീകരണയജ്ഞത്തിൽ പങ്കെടുത്തു. സന്നിധാനം ഫയർസ്റ്റേഷൻ ഓഫീസർ എസ്. ഗോപകുമാർ, അസി.സ്റ്റേഷൻ ഓഫീസർ പി.ആർ. ലാൽജി എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്‌​സ് സേനാംഗങ്ങൾ, ഹെൽത്ത് വകുപ്പിന് കീഴിലുള്ള വിശുദ്ധിസേനാംഗങ്ങൾ, കെ.എസ്.ഇ.ബി. സ്റ്റാഫംഗങ്ങൾ എന്നിവർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.


സൗകര്യങ്ങൾ വിലയിരുത്തി
ശബരിമല: ഹൈക്കോടതി ദേവസ്വം ബഞ്ചിലെ ജഡ്ജി ദേവൻ രാമചന്ദ്രൻ സന്നിധാനം സന്ദർശിച്ചു. പുണ്യംപൂങ്കാവനം പദ്ധതിയ്ക്ക് കീഴിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത അദ്ദേഹം സന്നിധാനത്ത് ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തി.