പന്തളം: കാഴ്ചയെ തോൽപിച്ച അദ്ധ്യാപക കവി പൂഴിക്കാട് ഗവ.യു പി സ്‌കൂളിലെ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു. പ്രതിഭകളോടൊപ്പം എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി പൂഴിക്കാട് ഗവണ്മെന്റ് യു.പി.സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികളുമാണ് ആർ.ഗോപനാഥൻ നായരെ ആദരിച്ചത്. പൊന്നാടയണിയിച്ചും പൂച്ചെണ്ടു നൽകിയും കൊച്ചു കൂട്ടുകാർ അദ്ദേഹത്തോടൊപ്പം സന്തോഷം പങ്കിട്ടു. കുട്ടികളോടൊപ്പം കൂട്ടുകൂടിയ അദ്ധ്യാപക കവിയോട് അവർ സംവദിച്ചു. കാഴ്ചയില്ലാതെ എങ്ങനെ കവിത എഴുതാനും അദ്ധ്യാപകനാകാനും സാധിച്ചു എന്നതായിരുന്നു കൊച്ചു കൂട്ടുകാരുടെ സംശയം. ജീവിതത്തിന്റെ വഴിത്താരയിൽ വന്നു വീണ ഇരുളിനെ സർഗാത്മകതയുടെ വെളിച്ചം കൊണ്ടു അതിജീവിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം കുട്ടികൾ അത്ഭുതത്തോട് കേട്ടിരുന്നു. നിദ്രാടനം, ജരൽക്കാരു, അടവി ,ഗൗതമശില,കാള കെട്ട്, പാവൽ പൂവ്, എന്നിവയാണ് പ്രധാന കൃതികൾ.നവംബർ 23ന് പ്രകാശനം ചെയ്ത വഴിയിൽ വീണ വെളിച്ചം എന്ന അദ്ദേഹത്തിന്റെ കവിതകളുടെ സമ്പൂർണ സമാഹാരം കുട്ടികൾക്കായി വിദ്യാലയ ലൈബ്രറിയിലേക്ക് അദ്ദേഹം കൊച്ചു കൂട്ടുകാരെ ഏൽപിച്ചു. സ്‌കൂൾ ഹെഡ് മിസ്ട്രസ് വിജയലക്ഷ്മി ബി.അദ്ധ്യാപികമാരായ സിന്ധു,മായ, ശരണ്യ എന്നിവർ കുട്ടി കളോടൊപ്പം പ്രവർത്തനത്തിൽ പങ്കു ചേർന്നു.