അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ 5.44 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. ഡിസംബറിൽ ട്രോമ കെയർ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.ഇതിന് എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.31 ലക്ഷം രൂപചെലവിൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ്, 95 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം, നാല് കോടി 18 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ എന്നിവ സാദ്ധ്യമാക്കുമെന്നും എം.എൽ എ പറഞ്ഞു. നഗരസഭ അദ്ധ്യക്ഷ ഷൈനി ബോബി, ആശുപത്രി സൂപ്രണ്ട് ഡോ.സുഭഗൻ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ബി.ഹർഷകുമാർ, ഡി.സജി, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.