കൊച്ചി : ശബരിമലയിൽ അയ്യപ്പ ദർശനത്തിന് സംരക്ഷണം തേടി വിവാദ നായികയും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയുമായ രഹ്ന ഫാത്തിമ കൊച്ചി സിറ്റി പൊലീസിന് അപേക്ഷ നൽകി. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടനത്തിന് സുരക്ഷ വേണമെന്നാണ് അപേക്ഷയിൽ പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും ഐ.ജിയുമായ വിജയ് സാഖറേയെ കാണാനാണ് രഹ്ന എത്തിയത്. എന്നാൽ കമ്മിഷണർ മീറ്റിംഗിലായതിനാൽ ചുമതയലയിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലിക്ക് അപേക്ഷ നൽകി. സുരക്ഷ നൽകേണ്ട സ്ഥലം പത്തനംതിട്ട ജില്ലയുടെ പരിധിയിലായതിനാൽ അവിടുത്തെ പൊലീസ് മേധാവിക്ക് അപേക്ഷ കൈമാറിയതായി പൂങ്കുഴലി കേരളകൗമുദിയോടു പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം സുപ്രീം കോടതി അനുവദിച്ച കഴിഞ്ഞ വർഷം പൊലീസ് സംരക്ഷണയിൽ രഹ്ന ഫാത്തിമ സന്നിധാനത്തെ നടപ്പന്തലിൽ വരെ രഹസ്യമായി എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പിന്നീട് ഇവർ മടങ്ങി. ഭർത്താവും മൂത്ത ആൺകുട്ടിയും നേരത്തെ ശബരിമലയിൽ ദർശനം നടത്തിയിരുന്നുവെന്നാണ് രഹ്നയുടെ വാദം. ഇത്തവണ ഒമ്പതു വയസുകാരിയായ മകളെയും കൂട്ടി ശബരിമലയ്ക്ക് പോകണം. യുവതിയായ തനിക്ക് സംരക്ഷണം വേണ്ടതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും രഹ്ന ഫാത്തിമ കേരളകൗമുദിയോടു പറഞ്ഞു.