പത്തനംതിട്ട : വനിതാ ശിശുവികസനവകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലാവകാശ വാരാചരണ സമാപനവും ബാലസംരക്ഷണ യാത്രയും ഏകദിന പരിശീലനവും സംഘടിപ്പിച്ചു. ജില്ലയിലെ ഒ.ആർ.സി പദ്ധതി (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻസ് പദ്ധതി) നടപ്പാക്കിവരുന്ന 20 സ്‌കൂളുകളിൽ നിന്നുളള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും നോഡൽ ടീച്ചർമാർക്കുമായി അടിയന്തരഘട്ടങ്ങളിൽ പ്രഥമശുശ്രൂഷ (ആരോഗ്യപരമായ) നൽകേണ്ടത് എങ്ങനെ എന്നും, ദുരന്തനിവാരണ പരിരക്ഷയും വിവിധ ഘട്ടങ്ങൾ എന്നിവയെ സംബന്ധിച്ചും ആരോഗ്യവകുപ്പിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ പത്തനംതിട്ട യൂണിറ്റിന്റെയും സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
കോഴഞ്ചേരി ജില്ലാ ആശുപത്രി അനസ്‌ത്യേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഫയർ ആൻഡ് റെസ്‌ക്യൂ പത്തനംതിട്ട യൂണിറ്റിലെ ഓഫീസർമാരായ ശ്രീരാജ്, ശ്രീരാഗ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
അന്താരാഷ്ട്ര ബാലാവകാശ വാരാചരണ സമാപനവും ഏകദിനപരിശീലനത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ നീതദാസ്, ഷാൻ രമേശ് ഗോപൻ, നിഷാ മാത്യൂ എന്നിവർ സംസാരിച്ചു.