അടൂർ: ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രോമോ കെയർ സംവിധാനം ഒരുക്കും. റോഡ് സുരക്ഷയുടെ ഭാഗമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും സംസ്ഥാന സർക്കാരും നൽകുന്ന ഫണ്ട് വിനിയോഗിച്ചാണിത്. ഇതിനായി 5.13 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. ഇതിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിന് വിവിധ ഏജൻസികളുമായി കരാറായി. ട്രോമോ കെയർ യൂണിറ്റ് സ്ഥാപിക്കാനുള്ള ഇടം ഒരുക്കുകയാണ് അടുത്ത ഘട്ടം. പഴയ ആശുപത്രി കെട്ടിടത്തിൽ നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നിടമാണ് ഇതിനായി വിനിയോഗിക്കുക. പുതിയ ബഹുനില മന്ദിരത്തിന്റെ നടുത്തളം അത്യാഹിത വിഭാഗത്തിനായി രൂപകൽപ്പന ചെയ്തു കഴിഞ്ഞു. ഡിസംബർ 15 മുതൽ അത്യാഹിത വിഭാഗം ഇവിടേക്ക് മാറ്റി സ്ഥാപിക്കും. നടുത്തളം ഇതിന്റെ ഭാഗമായി ടൈൽസ് വിരിച്ച് വൃത്തിയാക്കി. മുകളിലത്തെ നിലകളിൽ നിന്നും മാലിന്യങ്ങൾ ഈ ഭാഗത്തേക്ക് വലിച്ചെറിയാതിരിക്കാൻ വരാന്തകൾ ഗ്ലാസ് ഇട്ട് അടയ്ക്കും.

അടിയന്തര ചികിത്സാ സംവിധാനം

ട്രോമോ കെയർ സംവിധാനം വരുന്നതോടെ അപകടങ്ങളിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എത്തുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകും. നിലവിൽ യാതൊരു സംവിധാനവുമില്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഇവിടങ്ങളിൽ എത്തിച്ചേരാൻ എടുക്കുന്ന സമയത്തിനിടെ നിരവധി ജീവനകളാണ് യഥാസമയം ചികിത്സ ലഭിക്കാതെ അകാലത്തിൽ പൊലിഞ്ഞിട്ടുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ട്രോമോ കെയർ യൂണിറ്റ് സഹായകമാകും.

ട്രോമോ കെയർ യൂണിറ്റിലെ സംവിധാനങ്ങൾ

-എമർജൻസി ഐ.സി.യു

-എമർജൻസി ഓപ്പറേഷൻ തീയറ്റർ

-സി.ടി സ്കാൻ മെഷീൻ

-ഐ.സി.യു സംവിധാനത്തോടെയുള്ള എ.എൽ.എസ് ആംബുലൻസ്

-വെന്റിലേറ്റർ.

6 മാസത്തിനുള്ളിൽ ട്രോമോ കെയർ യൂണിറ്റ് പൂർണ സജ്ജമാകും. അടിസ്ഥാന സൗകര്യങ്ങൾ അശുപത്രി മാനേജിംഗ് കമ്മിറ്റി ഒരുക്കി കൊടുക്കും.

ഡോ.സുഭഗൻ,

സൂപ്രണ്ട്,

(അടൂർ ജനറൽ ആശുപത്രി)

-6 മാസത്തിനുള്ളിൽ പൂർണ സജ്ജം

5.13 ലക്ഷം രൂപ അനുവദിച്ചു