തിരുവല്ല: നഗരത്തിലെ എം.സി റോഡിൽ മെച്ചപ്പെട്ടനിലയിൽ ടാറിംഗ് നടത്തി മണിക്കൂറുകൾ പിന്നിടുംമുമ്പ് അറ്റകുറ്റപ്പണിയുടെ പേരിൽ കെ.എസ്.ഇ.ബി അധികൃതർ റോഡ് വെട്ടിപ്പൊളിച്ച് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചു.തിരക്കൊഴിഞ്ഞ ഞായറാഴ്ച വാഹനങ്ങൾ വഴിതിരിച്ചുവിട്ടശേഷം ടാറിംഗ് നടത്തിയ കുരിശുകവലയിലാണ് വൈദ്യുത പോസ്റ്റ് സ്ഥാപിക്കലിന്റെ പേരിൽ കെ.എസ് ഇ ബി.അധികൃതർ കുഴികുത്തിയത് .ഒരു വർഷക്കാലത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന നഗരത്തിലെ എം.സി റോഡ് കഴിഞ്ഞ രണ്ടുദിവസങ്ങളായി ടാറിംഗ് നടത്തിയതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. എന്നാൽ റോഡിൽ വീണ്ടും കുഴിയെടുത്തത് ചിലരുടെ പ്രതിഷേധത്തിനിടയാക്കി.
പോസ്റ്റുകൾ മാറ്റിയിടാൻ തുടങ്ങിയിട്ട് 3 മാസം
റോഡ് ടാറിങ്ങിന്റെ പേരിൽ നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പൂർത്തിയായില്ല. നഗരത്തിലെ റോഡുകളുടെ ടാറിംഗ് സംബന്ധിച്ച അറിയിപ്പുകളും വിവിധ വകുപ്പുകൾക്ക് നൽകിയിരുന്നതുമാണ്. എന്നാൽ ടാറിംഗ് പൂർത്തിയാക്കും മുമ്പ് വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബി അധികൃതർ കാണിച്ച അലംഭാവമാണ് ഇപ്പോൾ റോഡ് വെട്ടിപ്പൊളിക്കേണ്ട സ്ഥിതി ഉണ്ടാക്കിയതെന്ന് കാണാനാകും. നഗരത്തിലെ റോഡിന്റെ ശോച്യാവസ്ഥ ഗതാഗതക്കുരുക്കിനും പൊടിശല്യത്തിനും ഇടയാക്കിയതോടെ വിവിധ രാഷ്ട്രീയ - സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരപരിപാടികളുടെ ഭാഗമായാണ് കഴിഞ്ഞദിവസം റോഡിന്റെ ടാറിംഗ് പൂർത്തീയാക്കാൻ കെ.എസ്.ടി.പി തയാറായത്. ഇതിനിടെയാണ് യാത്രക്കാർക്കും കെ.എസ്.ടി.പിക്കും കെ.എസ്.ഇ.ബിയുടെ വക പാര.