മല്ലപ്പള്ളി: കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് കർഷക കൂട്ടായ്മയും വായ്പാമേളയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ വായ്പാമേള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.കർഷകർക്ക് വിവിധ വായ്പകൾ ലഭ്യമാക്കുന്ന വിവരവും പന്നി വളർത്തൽ,പോത്ത് വളർത്തൽ,കോഴി വളർത്തൽ തുടങ്ങിയവ സബ്‌സിഡിയോടു കൂടി കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ലഭ്യമാണെന്ന് ബാങ്ക് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. കുറഞ്ഞ പലിശനിരക്കിൽ കാർഷിക വായ്പകൾ നൽകുന്നതാണ്. ഭവന നിർമ്മാണത്തിനും വാഹനം വാങ്ങുന്നതിനും മറ്റുമുള്ള നിരവധി ലോണുകൾ ഈ ബാങ്കിൽ നിന്നും ലഭ്യമാണ്.വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ടു വന്ന പ്രവാസികൾക്കായി നോർക്കാ റൂട്ട്‌സും ബാങ്കും ചേർന്ന് 3 ലക്ഷം രൂപ സബ്‌സിഡിയോടു കൂടി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പകൾ നൽകുന്നതാണ്. അങ്ങനെ ലഭ്യമാകുന്ന ലോണുകൾക്ക് മൂന്ന് ശതമാനം പലിശ ഇളവും ലഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.ജി രഘുനാഥപിള്ള, സാറാമ്മ ഏബ്രഹാം, സുരേഷ് ബാബു പാലാഴി, സാജൻ എബ്രഹാം,റീജിയണൽ മാനേജർ ഉപേന്ദ്രൻ നായർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ആഫീസർ ബിജു വർഗീസ് ബാങ്ക് സെക്രട്ടറി ഇൻചാർജ്ജ് രാധാശ്രീ. എസ് എന്നിവർ പ്രസംഗിച്ചു.