തിരുവല്ല: സ്വന്തം വ്യക്തിത്വം ലഹരിവസ്തുക്കൾക്ക് മുന്നിൽ അടിയറവയ്ക്കാതെ ജീവിതം കൂടുതൽ അർത്ഥപൂർണമാക്കണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ബാറെക് മോർ മാഗസിൻ ചീഫ് എഡിറ്റർ ഫാ. അജു പി. ജോൺ പറഞ്ഞു. കേരളകൗമുദിയും ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്‌കൂളും എക്സൈസ് വകുപ്പും സംയുക്തമായി ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂളിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാൻ ആരാണ്, എന്തിനുവേണ്ടിയാണ് എന്റെ ജന്മം, ജീവിതത്തിൽ ആരായിത്തീരാൻ എനിക്ക് സാധിക്കണം എന്നിങ്ങനെയുള്ള ചിന്തകൾ മനസിൽ ഉദിച്ചുയരണം. സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും മനസിലാക്കി ദുശീലങ്ങളിൽ നിന്ന് അകലണം.

നമ്മെ ആരാക്കണമെന്ന് മറ്റുള്ളവർക്കെല്ലാം ആഗ്രഹിക്കാൻ മാത്രമേ സാധിക്കു. നാം ആരായിത്തീരണം എന്ന കാര്യത്തിൽ അന്തിമമായി തീരുമാനിക്കേണ്ടത് നാം തന്നെയാണ്. തമാശയ്ക്ക് തുടങ്ങുന്ന ദുശീലങ്ങൾ ദൈനംദിന ജീവിതത്തിലെ സ്വഭാവങ്ങളായി രൂപാന്തരപ്പെട്ട് വഴിതെറ്റിപ്പോകാൻ ഇടയാകരുത്. കുട്ടികളെ നേർവഴിക്ക് നയിക്കുന്നതിൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ അന്നമ്മ രഞ്ജിനി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യുണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖപ്രസംഗം നടത്തി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസനം പി.ആർ.ഒ സിബി സാം തോട്ടത്തിൽ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരിഹരൻ ഉണ്ണി ക്ലാസ് നയിച്ചു.

--------------------

തലച്ചോറിനെ ലഹരിക്ക് പണയപ്പെടുത്തരുത്


ഒരേസമയം സങ്കീർണ്ണമായ ഒട്ടേറെ പ്രവൃത്തികൾ ചെയ്യാൻ ശേഷിയുള്ള തലച്ചോറിനെ ലഹരിക്ക് പണയപ്പെടുത്തരുതെന്ന് ക്ലാസ് നയിച്ച എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരിഹരൻ ഉണ്ണി പറഞ്ഞു. അന്യനാടുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ലഹരി വസ്തുക്കൾ മസ്തിഷ്കത്തെയും നാഡീവ്യൂഹത്തെയും നശിപ്പിക്കും. പഠനത്തെ ലഹരിയാക്കി അനുഭവിക്കുക. കലയും നാടിന്റെ സംസ്കാരവുമൊക്കെ ഉയർത്തിപ്പിടിക്കാൻ കഴിയണം. സ്വന്തം ഫ്രെയിമിൽ ചിട്ടയായ ജീവിതം നയിക്കാം. ഉത്തരത്തിലേക്ക് കൂടുതൽ ചോദ്യങ്ങൾ കണ്ടെത്തി പഠിച്ചു വളരണം. ലഹരിക്ക് അടിമപ്പെട്ടവരുടെ കൂടെ ജീവിതം നയിക്കാൻ ആരും ഇഷ്ടപ്പെടില്ല.