ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ പരിസരം ഇഴജന്തു ഭീഷണിയിൽ.സ്കൂൾ പരിസരം കാടുകയറിക്കിടക്കുന്ന നിലയിലാണ്. ഹൈസ് സ്കൂൾ വിഭാഗവും യു.പി വിഭാഗവും പ്രവർത്തിക്കുന്നത് എച്ച്.എസ്.എസ് വളപ്പിലാണ്. ഹൈസ്കൂൾ,യു.പി വിഭാഗത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിമുറിക്കു ചുറ്റുമാണ് കാട് വളർന്നിരിക്കുന്നത്. ഇവിടെ പലപ്പോഴും ഇഴജന്തുക്കളെ കണ്ടിട്ടുള്ളതായി കുട്ടികൾ പറയുന്നു. സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ചുറ്റുമതിലിനോട് ചേർന്നാണ് ശുചി മുറി. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും രണ്ട് വീതം ശുചി മുറികളാണ് ഇവിടെയുള്ളത്. ശുചിമുറിയോട് ചേർന്ന പഴയ കെട്ടിടത്തിൽ ക്ലാസും നടക്കുന്നുണ്ട്. കെട്ടിടത്തിന്റെ ജനൽനിരപ്പുവരെയും ചുറ്റുമതിലിനു മുകളിലേക്കും കാട് വളർന്ന് പന്തലിച്ച നിലയിലാണ്. വള്ളിപ്പടർപ്പിലൂടെ മതിലിന് വെളിയിൽ സമീപവാസികളുടെ വീടിന്റെ പരിസരവും പാമ്പു ശല്യമുണ്ടെന്ന് പരാതിയുണ്ട്. ശുചിമുറിക്കു സമീപം പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടവും ഖരമാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നതായും സമീപവാസികൾ പരാതി പറയുന്നുണ്ട്. സുൽത്താൻ ബത്തേരിയിൽ സ്കൂൾ മുറിക്കുള്ളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ചർച്ച ചെയ്യുമ്പോഴും തിരുവൻവണ്ടൂർ സ്കൂൾ അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല. സ്കൂൾ മാനേജിംഗ് കമ്മിറ്റി, പി.ടി.എ, സ്കൂൾ വികസന സമിതി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ബാധിക്കുന്ന വിഷയങ്ങളല്ല എന്നാണ് കമ്മിറ്റിയുടെ നിലപാട്.