തിരുവല്ല: കിഫ്ബിയിൽ നിന്നും 83 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായ തിരുവല്ല- മല്ലപ്പള്ളി -ചേലക്കൊമ്പ് റോഡ് 12 മീറ്ററിൽ കുറയാതെ നിർമ്മിക്കാൻ ധാരണയായി. പൊതുമരാമത്ത് മന്ത്രിയുമായും കിഫ്ബിയുടെയും റിക്കിന്റെയും ഉദ്യോഗസ്ഥരുമായും മാത്യു ടി.തോമസ് എം.എൽ.എ തുടർച്ചയായി നടത്തിയ ചർച്ചകളിലാണ് തീരുമാനം. റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച് ഉയർന്നിട്ടുള്ള പരാതികളിൽ ന്യായമായത് പരിഹരിച്ച് പണികളുമായി മുന്നോട്ട് പോകും. ഉപറോഡുകളിലേക്കുള്ള കൂറ്റൻ ബെൽ മൗത്തുകൾ മിതപ്പെടുത്തുവാനും പ്രധാന ജംഗ്ഷനുകളിൽ പുറമ്പോക്കില്ലാതെ നിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കി പൊന്നുംവില നൽകി പിന്നാലെ മാത്രം ഏറ്റെടുക്കും. തിരുവല്ലയിൽ നിന്നും മല്ലപ്പള്ളി വരെ 12 മീറ്റർ വീതി എന്നതിൽ കുറവു വരുത്താതെ പണികൾ തുടങ്ങുന്നതിന് പ്രാരംഭ നടപടികൾ തുടരാനും ധാരണയായിട്ടുണ്ട്. മന്ത്രി ജി. സുധാകരനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കിഫ്ബിയുടെ സി.ഇ.ഒ ഡോ കെ.എം. ഏബ്രഹാം, റിക്കിന്റെ എം.ഡി.മധുമതിയുമായും എം.എൽ.എ നിരന്തരമായ ചർച്ചകൾ നടത്തിയിരുന്നു. മല്ലപ്പള്ളിയിൽ നിന്നും ചേലക്കൊമ്പിലേക്കുള്ള ഭാഗത്ത് നിർദ്ദേശിച്ചിരിക്കുന്ന 9 മീറ്റർ വർദ്ധിപ്പക്കണമെന്നുള്ള ആവശ്യത്തോട് സ്ഥലലഭ്യത പരിഗണനയിലെടുത്ത് അനുകൂല സമീപനം സ്വീകരിക്കാനും ധാരണയായി. പുറമ്പോക്ക് തിട്ടപ്പെടുത്തി വീണ്ടെടുക്കാനും സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്താനും കിഫ്ബിയുടെ നേതൃത്വത്തിൽ പ്രത്യേക സർവേ സംഘത്തെ ചുമതലപ്പെടുത്തി.പണികൾ നടത്തുന്നതു സംബന്ധിച്ച് ഉണ്ടാകുന്ന ന്യായമായ ആശങ്കകൾ ദൂരികരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ പണികൾ മുടക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ദുരുദ്ദേശ നീക്കങ്ങളോട് ഏവരും ജാഗ്രത പുലർത്തണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.