ചെങ്ങന്നൂർ : പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സമഗ്ര ശിക്ഷ കേരളം ഹയർ സെക്കൻഡറി മേഖലയിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ ചുവടുറപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി പതിനൊന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസത്രം എന്നീ വിഷയങ്ങളിൽ പഠനസഹായികൾ വിതരണം ചെയ്തു. പാഠപുസ്തകത്തിനു പുറമെ പാഠ്യഭാഗങ്ങളെ അന്വേഷണാത്മകമായി സമീപിക്കുവാനും അറിവിന്റെ വൈവിദ്ധ്യമാർന്ന സ്രോതസുകളെ കണ്ടെത്തുവാനും വർക്ബുക്ക് മാതൃകയിൽ തയാറാക്കിയിരിക്കുന്ന ഈ പഠനസഹായികൾ അവസരം നൽകുന്നു. പഠനസഹായിയുടെ ജില്ലാതല വിതരണോദ്ഘാടനം ആലപ്പുഴ ആർ ഡി ഡി ഡോ.ജീജ ഐ ആർ നിർവഹിച്ചു . യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധാമണി എൻ.അനിത എൽ, സമഗ്ര ശിക്ഷ കേരളം ആലപ്പുഴ പ്രോഗ്രാം ഓഫീസർമാരായ രജനീഷ് ഡി എം , വിൻസെന്റ് കെ ജി,ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി കൃഷ്ണകുമാർ, പ്രിൻസിപ്പൽ ശ്രീലത എ.എസ് എം.സി ചെയർമാൻ അ നി വി പി എന്നിവർ പങ്കെടുത്തു.