പത്തനംതിട്ട: സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ വിദ്യാർത്ഥിനി ഷെഹലയ്ക്ക് ചികിത്സ വൈകിയ സംഭവം വിവാദമാകുമ്പോൾ, പാമ്പുകടിയേറ്റ് മരിച്ചെന്ന് സ്വകാര്യ ആശുപത്രിയിൽ വിധിയെഴുതിയ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കഥയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് പറയാനുള്ളത്. സംഭവം കഴിഞ്ഞ പൂജ അവധി സമയത്താണ്. കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രി ആർ.എം.ഒ ആശിഷ് മോഹനിലൂടെ വിവരം അറിയുന്നത്.

പത്തനംതിട്ട ഓമല്ലൂരിൽ ഉഴുവത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ 4 വയസള്ള മകൻ കൃഷ്ണചന്ദിനാണ് പുലർച്ചെ ഉറക്കത്തിൽ പാമ്പുകടിയേൽക്കുന്നത്. പാമ്പിനെ മുറിയിൽ കുട്ടിയുടെ അമ്മയാണ് കണ്ടത്. പുതപ്പിനിടയിലൂടെ പാമ്പ് പോകുന്നത് കണ്ടിരുന്നു. പിതാവിന്റെ ഇരുകണ്ണിനും കാഴ്ചയില്ല. ലോട്ടറി കച്ചവടം ചെയ്താണ് ഇവർ ജീവിക്കുന്നത്. അയൽവാസിയാണ് കുട്ടിയെയും കൊണ്ട് ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പക്ഷെ, കുട്ടിയുടെ നില ഗുരുതരമായി. രക്ഷിക്കാൻ കഴിയല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസം നിലച്ച നിലയിലായിരുന്നു കുട്ടി.

അവിടെ നിന്ന് കുഞ്ഞിനെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രതീഷ്, ഫിസിഷ്യനായ മെഡിക്കൽ ഓഫീസർ നിഷാനയെ അത്യാഹിത വിഭാഗത്തിൽ വിളിച്ചു വരുത്തി. ഇവിടെ കുട്ടിക്ക് ആന്റിവെനം ചികിത്സ നൽകി. കുട്ടി തനിയെ ശ്വസിക്കാമെന്ന അവസ്ഥയിലെത്തിയതോടെ വിദഗ്ദ്ധ ചികിൽസ നൽകുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഡോ. നിഷാനയും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരായ ജിൻസിയും, ജയകൃഷ്ണനും ആശുപത്രിലെ ആംബുലൻസിൽ സമയം പാഴാക്കാതെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആംബുലൻസിൽ വെച്ചും ആന്റിവെനം നൽകി. കുട്ടി അപകട നില തരണം ചെയ്‌തെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷമാണ് ഇവർ മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയത്. അഞ്ച് ദിവസം കുട്ടി മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു.

ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

നന്മയുള്ളവർ നമുക്കിടയിൽ ഉണ്ടെന്നതിന്റെ ഉദാഹരണമാണിതെന്ന് ഡോ. ആശിഷ് മോഹൻ പറഞ്ഞു. മൂന്ന് മാസത്തിനിടെ 29 പേർ പാമ്പ് കടിയേറ്റ് ജനറൽ ആശുപത്രിയിൽ വന്നിട്ടുണ്ട്. ഇതിൽ 10 പേർ വിഷപാമ്പിന്റെ കടിയേറ്റ വരാണ്. ബാക്കിയുള്ളവരെ വിഷം ഇല്ലാത്ത ചേര പോലെയുള്ള പാമ്പാണ് കടിച്ചത്. ജനറൽ ആശുപത്രിയിലും മറ്റ് താലൂക്ക് ആശുപത്രികളിലും ചികിൽസയ്ക്കുള്ള ആന്റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ട്.