തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കുരുവിള കോശിക്ക് നേരെ അക്രമണം. മർദ്ദനത്തിൽ സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8നാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. വീടിന് പുറത്തേക്ക് വിളിച്ച് വരുത്തിയശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പുളിക്കീഴ് പൊലിസ് മൂന്നുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പോക്സോ കേസിൽ ഉൾപ്പെട്ട പ്രതിയെ ഹാജരാക്കിയതിന്റെ പേരിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.