പത്തനംതിട്ട: ജില്ലാ തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പത്ത് പഞ്ചായത്തുകൾ തരിശുരഹിത പഞ്ചായത്തുകളാകും. കൊടുമൺ, തുമ്പമൺ, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകൾ ഡിസംബർ ആദ്യവും ബാക്കിയുള്ളവ ഡിസംബർ, ജനുവരി മാസങ്ങളിലായും തരിശുരഹിതമായി പ്രഖ്യാപിക്കും. ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഓരോ വാർഡ് ഹരിതസമൃദ്ധി വാർഡായി പ്രഖ്യാപിക്കുന്നതിന് 57 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലായി 100 ഹരിതസമൃദ്ധി വാർഡുകൾ കണ്ടെത്തിയിട്ടുണ്ട്.

ഹരിതകേരളം ഏകോപനത്തിലൂടെ ജില്ല തരിശുരഹിതമാക്കുവാൻ കൃഷി വകുപ്പും ഹരിതകേരള മിഷനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടങ്ങിയവരുമായി ചേർന്നാണ് പ്രവർത്തനങ്ങൾ. കൃഷി, ജല സംരക്ഷണം, ശുചിത്വ-മാലിന്യ സംസ്കരണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രശേഖരൻ, ശുചിത്വമിഷൻ ജില്ലാ അസി.കോ - ഓർഡിനേറ്റർ ടി .എം. ജോസഫ്, ജോ. പ്രോഗ്രാം കോ -ഓർഡിനേറ്റർ എൻ.ഹരി , എം.ഐ. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ.രാജശേഖരൻപിള്ള എന്നിവർ പങ്കെടുത്തു.

ഒന്നാമത് കുന്നന്താനം

കുന്നന്താനം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ തരിശുരഹിത ഗ്രാമപഞ്ചായത്തായി ഇന്ന് പ്രഖ്യാപിക്കും. മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഹരിതസമൃദ്ധി വാർഡ് ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും നടക്കും. ഹരിതകേരളം മിഷൻ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ടി.എൻ.സീമ ഏറത്ത് ഗ്രാമപഞ്ചായത്ത് പച്ചത്തുരുത്ത് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ തരിശായി കിടക്കുന്ന നെൽവയലുകൾ: 2000 ഹെക്ടർ ,

ഇൗവർഷം കൃഷിയിറക്കുന്നത് : 450 ഹെക്ടർ,

ഈ വർഷം ആകെയുള്ള നെൽകൃഷി : 3698 ഹെക്ടർ

പച്ചക്കറിക്കൃഷി

കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ജില്ലയിൽ ആകെ 770 ഹെക്ടർ പച്ചക്കറി കൃഷി ചെയ്തു. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യാനായി 4,20,000 പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 7 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തിട്ടുണ്ട്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ 24 ക്ലസ്റ്ററുകളിലായി 120 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തു. 17 ഹെക്ടർ തരിശു സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി.

ജലസംരക്ഷണം

ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 14 മുതൽ 22 വരെ ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും ഓരോ നീർച്ചാലുകളും അതിന്റെ ഉപചാലുകളും കണ്ടെത്തി പുനരുജീവിപ്പിക്കും.

ജില്ലയിൽ 51 പച്ചത്തുരുത്തുകൾ ഒരുക്കി.

തരിശ് രഹിത പഞ്ചായത്തുകൾ

1. കൊടുമൺ

2. കോഴഞ്ചേരി,

3. നിരണം
4. തുമ്പമൺ

5. പുറമറ്റം

6. പ്രമാടം

7. കുന്നന്താനം

8. വെച്ചൂച്ചിറ

9. കടപ്ര

10.പള്ളിക്കൽ

100 ഹരിതസമൃദ്ധി വാർഡുകൾ