sabariamala-women-entry

പത്തനംതിട്ട: യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ മറപിടിച്ച് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമല തീർത്ഥാടനത്തിനു ശ്രമം നടത്തിയതിനു പിന്നിൽ തീവ്ര ഇടതു ഗ്രൂപ്പുകളുടെ അജണ്ടയെന്ന് സംശയം. തീർത്ഥാടനം അട്ടിമറിക്കാൻ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വിഭാഗം തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് സംഘടനാ പ്രവർത്തകയായ ബിന്ദുവും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ഇന്നലെ അയ്യപ്പ ദർശനത്തിന് ശ്രമിച്ചതെന്നാണ് സൂചന.

പത്തനംതിട്ട പൂങ്കാവ് സ്വദേശിയും കോഴിക്കാേട്ട് നിയമ വിദ്യാർത്ഥിനിയുമായിരുന്ന ബിന്ദു അമ്മണിയുടെ ഭർത്താവ് കോഴിക്കോട്ട് റെഡ് സ്റ്റാറിന്റെ പ്രധാന പ്രവർത്തകനാണ്. സംഘടനാ തീരുമാനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ തീർത്ഥാടന കാലത്ത് ബിന്ദു അമ്മിണിയും കനകദുർഗയും പൊലീസ് സംരക്ഷണയിൽ രഹസ്യമായി സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇരുവരെയും അഭിനന്ദിച്ചും അഭിവാദ്യം ചെയ്തും റെഡ്ഫ്ളാഗ് രംഗത്തു വന്നിരുന്നു..

കഴിഞ്ഞ തീർത്ഥാടന കാലത്തും ശബരിമല ദർശനം ഉദ്ദേശിച്ച് തൃപ്തി ദേശായി കൊച്ചിയിലെത്തിയിരുന്നു. പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടിവന്ന തൃപ്തി ഇത്തവണ ബിന്ദു അമ്മിണിക്കൊപ്പമെത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതത്രേ. ഇതനുസരിച്ചാണ് തൃപ്തിയെ സ്വീകരിക്കാൻ ബിന്ദു അമ്മിണി കൊച്ചിയിലെത്തിയത്.

ശബരിമലയിൽ

സുഖദർശനം

ഇത്തവണ സുഗമമായി നടക്കുന്ന ശബരിമലയിൽ തീർത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കൊച്ചിയിൽ വച്ചുതന്നെ തടഞ്ഞത് ഭക്തർക്ക് ആശ്വാസമായി. തീർത്ഥാടനം തുടങ്ങി പത്തു ദിവസത്തിനകം നാലു ലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്. നട തുറന്ന ദിവസത്തെ വരുമാനം 2018-നേക്കാൾ ഇരട്ടിയാവുകയും ചെയ്തു. 3.32 കോടിയായിരുന്നു വൃശ്ചികം ഒന്നിലെ വരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ ക്യൂ മരക്കൂട്ടം വരെ എത്തിയിരുന്നു.

പത്തിനും അൻപതിനുമിടയിൽ പ്രായമുളള സ്ത്രീകൾ തീർത്ഥാടനത്തിന് എത്തുന്നതു തടയാൻ നിലയ്ക്കലും പമ്പയിലും പരിശോധനയുണ്ട്. ഇന്നലെ തമിഴ്നാട്ടിൽ നിന്ന് എത്തിയ ഉഷ (39) എന്ന യുവതിയെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു.

''തീർത്ഥാടനം അട്ടിമറിക്കാൻ ഗൂഢശക്തികൾ പ്രവർത്തിക്കുന്നതായി സംശയമുണ്ട്. ക്രമസമാധാനം പൊലീസ് നോക്കുന്നുണ്ട്. സമാധാനപരമായാണ് തീർത്ഥാടനം നടക്കുന്നത്.

- എൻ. വാസു,

പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം

ബോർഡ്