പത്തനംതിട്ട : ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കൾ ക്ലാസ് മുറിയ്ക്കുള്ളിൽ കൂട്ടിയിട്ട് പാമ്പുകൾക്ക് താവളമൊരുക്കി ഇലന്തൂർ ഗവ.സ്കൂളിലെ കെട്ടിടം. സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ ഈ അനാസ്ഥ. ഈ കെട്ടിടത്തിലാണ് ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിക്കുന്നത്. രണ്ടാം വർഷ ബി.കോം വിദ്യാർത്ഥികളുടെ ക്ലാസ് മുറിയ്ക്കുള്ളിൽ ഉപയോഗ ശൂന്യമായ കസേരകൾ, ബെഞ്ചുകൾ, ഡെസ്കുകൾ, പലകകൾ, കമ്പികൾ തുടങ്ങിയ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ അടുത്തിരുന്നാണ് വിദ്യാർത്ഥികളുടെ പഠനം.സ്കൂളുകൾ വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പാഴ് വസ്തുക്കൾ മാറ്റാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. 40 കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറിയാണിത്. ഇതിൽ ഭിന്നശേഷിയുള്ള ഒരു വിദ്യാർത്ഥിയും പഠിക്കുന്നുണ്ട്. മൂന്ന് കോഴ്സുകളുള്ള കോളേജിന് ആകെ ഒൻപത് ക്ളാസ് മുറികളാണ് അനുവദിച്ചിരിക്കുന്നത്. പ്രിൻസിപ്പലിന്റെ റൂം,ഓഫീസ്, ജീവനക്കാരുടെ മുറി, ലൈബ്രറി എല്ലാം ഇടുങ്ങിയ കെട്ടിടത്തിനുള്ളിലാണ്. ഇതിനിടയിലാണ് പാഴ് വസ്തുക്കളും കൊണ്ട് തള്ളുന്നത്.വർഷങ്ങളായി വിദ്യാർത്ഥികളും അദ്ധ്യാപകരും ഇത് എടുത്ത് മാറ്റാൻ ആവശ്യപ്പെടുന്നുണ്ട്. കണക്ക് കൊടുക്കേണ്ട സാധനങ്ങളാ അങ്ങനെ ചുമ്മാ മാറ്റാൻ പറ്റില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ പാമ്പും മറ്റ് ജീവികളും ഇതിനടിയിൽ ഉണ്ടാകുമെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
"ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കം നേരിട്ട് വന്ന് ആവശ്യപ്പെട്ടിട്ടും ഈ പാഴ്‌വസ്തുക്കൾ ഇവിടെ നിന്ന് മാറ്റാൻ അധികൃതർ തയാറാവുന്നില്ല. ജില്ലാ പഞ്ചായത്തിലും കളക്ടറിനും പരാതി നൽകിയിട്ടുണ്ട്. നടപടി എടുത്തില്ലെങ്കിൽ കുട്ടികളുടെ നേതൃത്വത്തിൽ സമര പരിപാടികൾ നടത്തും.
കെ.ബി തദാജ്
(കോളേജ് യൂണിയൻ ചെയർമാൻ)