തിരുവല്ല: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഊർജ്ജസ്വലമാക്കുന്നതിനായി ദേശീയ നൈപുണി വികസനപദ്ധതിയിൽ ഉൾപ്പെടുത്തി വി.എച്ച്.എസ്.ഇ സ്‌കൂൾ ലാബുകൾക്ക് ഫണ്ട് അനുവദിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത ഓരോ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനും ആവശ്യമായ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനായി സമഗ്രശിക്ഷ കേരളയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു. ജില്ലാതല ഉദ്ഘാടനം വടക്കേടത്തുകാവ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി അനിൽ, ഇലന്തൂർ ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ റെജീന, പി.ടി.എ പ്രസിഡന്റ് കണ്ണപ്പൻ, എസ്.എം.സി ചെയർമാൻ സജി ജോൺ, അടൂർ ബി.പി.ഒ സൗദാമിനി.റ്റി, ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് ശ്രീലത.ബി, സ്റ്റാഫ് സെക്രട്ടറി കെ.ആർ.ബിന്ദു, സ്‌കൂൾ പ്രിൻസിപ്പാൾ ഷൈൻ.റ്റി, എന്നിവർ പ്രസംഗിച്ചു.