കോന്നി : കോന്നി -തണ്ണിത്തോട് റോഡിൽ ഞള്ളൂരിൽ മൺതിട്ട റോഡിലേക്ക് ഇടിഞ്ഞ് വീഴുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങൾക്ക് മുമ്പ് ഇവിടെ റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും കല്ലും നീക്കം ചെയ്യാത്തതും വാഹനയാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഞള്ളൂരിലെ കയറ്റത്താണ് മണ്ണ് വീണത്. ഇതിന് തൊട്ടടുത്തായി കൊടും വളവുള്ളതിനാൽ ഇരുവശത്ത് നിന്നും വരുന്ന വാഹന യാത്രക്കാർക്ക് വളരെ അടുത്ത് എത്തിയതിന് ശേഷമേ കാണാൻ സാധിക്കുകയുള്ളൂ.രാത്രികാലങ്ങളിൽ മിക്കദിവസങ്ങളിലും വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. മണ്ണ് ഇടിഞ്ഞ് വീണതിന്റെ എതിർവശത്തെ തിട്ടയും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. രണ്ട് വാഹനങ്ങൾക്ക് വഴി മാറി കൊടുക്കുവാൻ പറ്റാത്ത സ്ഥിതിയാണ്. മഴ പെയ്താൽ റോഡിൽ നിറയുന്ന ചെളിവെള്ളം കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. നാളുകൾ കഴിഞ്ഞിട്ടും അധികൃതർ മണ്ണ് നീക്കം ചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അടിയന്തരമായി മണ്ണ് നീക്കി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.