പന്തളം: കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ച് ആറ് പേർക്ക് പരിക്ക്.
എം സി റോഡിൽ എസ് എൻ ഡി പി യോഗം പന്തളം യൂണിയൻ ഓഫീസിന് മുന്നിൽ ഇന്നലെ ഉച്ചക്ക് 12നായിരുന്നു അപകടം. ചെങ്ങന്നുർ ഭാഗത്ത് നിന്നുവന്ന കാറിടിച്ച് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷ റോഡിൽ മറിയുകയുമായിരുന്നു. ഒാട്ടോയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. അപകടത്തിനിടെ ടയർ പഞ്ചറായ കാർ എതിരെ വന്ന സ്‌കൂട്ടറിലും ഇടിച്ചു. അടൂരിൽ നിന്നെത്തിയ അഗ്‌നിശമന സേനയാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയത്. അപകടത്തിൽ കാർ ഡ്രൈവർ ശാസ്താംകോട്ട സ്വദേശി ഷാൻ (34), ബൈക്ക് യാത്രക്കാരനായ ആക്‌സിസ് ബാങ്ക് ജീവനക്കാരൻ അനീഷ് (30), ഓട്ടോ ഡ്രൈവർ മുരളീധരൻ (46), യാത്രക്കാരായ കുടശനാട് പമ്പൂര് മഠത്തിൽ ത്രിവിക്രമൻ പോറ്റിയുടെ മകൾ ശ്രീദേവി(32), മകൾ കൃഷ്‌ണേന്ദു (7), ബന്ധു ലക്ഷ്മി (20) എന്നിവർക്ക് പരിക്കേറ്റു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.