karya
നഗരസഭാ മന്ദിരത്തിന്റെ രൂപരേഖ

അടൂർ: നഗരസഭ കാര്യാലയത്തിന്റെയും പ്രൈവറ്റ് ബസ് സ്റ്റാന്റ് ടെർമിനലിന്റെയും നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങി. വയൽ വാങ്ങി മണ്ണിട്ട് നികത്തിയ സ്ഥലമായതിനാൽ തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ പെട്ടതോടെയാണ് ഒന്നര വർഷം മുൻപ് ശിലാസ്ഥാപനം നിർവഹിച്ച് കരാർ ഉറപ്പിച്ച പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിയത്. തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കുരുക്കഴിഞ്ഞത്. ഇനി ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ അനുമതി കൂടി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാം. നിലവിലുള്ള നഗരസഭാ കാര്യാലയം പഞ്ചായത്ത് ആയിരുന്ന കാലത്തെ കെട്ടിടമാണ്. സ്ഥലപരിമിതിയാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ടൗൺ ഹാൾ നിലനിന്ന സ്ഥലം നഗരസഭയ്ക്ക് ലഭ്യമായതോടെ അവിടെ നഗരസഭാ കാര്യാലയവും ടൗൺ ഹാളും നിർമ്മിക്കണമെന്ന ആവശ്യം മുന്നോട്ടു വന്നെങ്കിലും ഭാവിയിലെ വികസനം മുന്നിൽ കണ്ട് ബൈപാസിന്റെ ഓരത്തുള്ള പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നഗരസഭ കാര്യാലയവും പ്രൈവറ്റ് ബസ് സ്റ്റാന്റ് ടെർമിനലും നിർമ്മിക്കാൻ നിലവിലുള്ള നഗരസഭ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. 15 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായുള്ള നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.

ആകെ ചെലവ് : 15 കോടി.

എം.എൽ.എയുടെ അസ്ഥി വികസന ഫണ്ടിൽ നിന്നും: 1കോടി

നഗരസഭയുടെ തനത് ഫണ്ട് :1കോടി

ശേഷിച്ച തുക :കെ.യു.ഡി.ആർ.ഡി.എഫ്.സി ലോൺ

പ്രൈവറ്റ് ബസ് ടെർമിനൽ :2300.34 ച.മീറ്റർ.

നഗരസഭാ കാര്യാലയം:2270.33 ച.മീറ്റർ

തറനിരപ്പിൽ ഷോപ്പിംഗ് കോംപ്ളക്സ്, ബസ് ടെർമിനൽ 20 ഓളം കടമുറികളും 8 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും

രണ്ടാമത്തെ നില: നഗരസഭ ഓഫീസ്

മൂന്നാമത്തെ നില: കൗൺസിൽ ഹാൾ, നഗരസഭ ഭരണാധികാരികളുടേയും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും മുറികൾ

തണ്ണീർത്തട സമിതിയുടെ അനുമതി ലഭിച്ചതോടെ നഗരസഭ കാര്യാലയ നിർമ്മാണത്തിന് അടുത്ത മാസത്തിൽ തന്നെ തുടക്കം കുറിക്കും.

ഷൈനി ബോബി
(ചെയർപേഴ്സൺ)