പത്തനംതിട്ട: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് വർദ്ധിപ്പിച്ച ആനുകൂല്യങ്ങൾ സംബന്ധിച്ച് ജില്ലാതലത്തിൽ വിശദീകരണം നൽകിയതായി ബോർഡ് ചെയർമാൻ എം.എസ്. സ്‌കറിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 29നാണ് ബോർഡ് മുഖേനയുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ബോർഡ് ഉപദേശകസമിതിയംഗങ്ങൾ, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ, മോട്ടോർ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിശദീകരണം നൽകിയത്. വാഹന ഉടമകളും തൊഴിലാളികളും പങ്കെടുത്തു. തൊഴിലാളി വിഹിതം കുടിശികയുള്ള നിലവിൽ സർവീസിലുള്ള തൊഴിലാളികൾക്ക് ഡിസംബർ 31നകം കുടിശിക അടയ്ക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
പെൻഷൻ, ചികിത്സാ സഹായം, മരണാനന്തര ധനസഹായം, അപകട ചികിത്സ, അപകട മരണം, വിവാഹ ധനസഹായം എന്നിവയിലെല്ലാം വർദ്ധന വരുത്തിയിട്ടുണ്ട്. ഉടമ തൊഴിലാളി അംശാദായം 20 ശതമാനം വർദ്ധിപ്പിച്ചതായും ചെയർമാൻ പറഞ്ഞു.