arrest
അറസ്റ്റിലായ സിനുകുമാർ

തിരുവല്ല: നിരണം പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ കുരുവിള കോശിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. നിരണം കിഴക്കുമുറി ഇല്ലത്തുപറമ്പിൽ സിനുകുമാർ (39) ആണ് അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ചശേഷം പ്രതികൾ തട്ടാരമ്പലത്തേക്ക് കടക്കാൻ ശ്രമിച്ച ഇന്നോവ കാർ പാണ്ടനാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘം ചേർന്ന് പഞ്ചായത്തംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുരുവിള കോശി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8നാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് പുറത്തേക്ക് വിളിച്ച് വരുത്തിയശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പുളിക്കീഴ് സി.ഐ ടി. രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ ഗുണ്ടാസംഘത്തിൽപെട്ട യുവാവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.