കഞ്ചാവ് മാഫിയ വീട് അക്രമിച്ചു; ബൈക്ക് കത്തിച്ചു

തിരുവല്ല : കഞ്ചാവ് മാഫിയായ്‌ക്കെതിരെ കർശന നിലപാടെടുത്ത ഡി.വൈ.എഫ്‌.ഐ നേതാവിന്റെ വീടിനു നേരെ അക്രമണം. വീടിനു നേരെ കല്ലേറിഞ്ഞ സംഘം ഒരു മാസം മുൻപ് വാങ്ങിയ ബൈക്ക് കത്തിച്ചു. ഡി.വൈ.എഫ്‌.ഐ തിരുവല്ല ബ്ലോക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സോണി ഐസക്കിന്റെ നെടുമ്പ്രം കാരാത്രയിലുള്ള വീടിന് നേരെയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ അക്രമണം ഉണ്ടായത്. പ്രായമായ അച്ചനും അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും വീട്ടിൽ ഉണ്ടായിരുന്നു.
നാല് ആഴ്ച മുൻപ് സമീപ പ്രദേശങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ എക്‌സൈസ്, പൊലീസ് സംഘം പിടികൂടിയിരുന്നു. അന്ന് സോണി എെസക്കിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിലെ പ്രതികാരമാണ് വീടാക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.മനു , ബ്ലോക്ക് സെക്രട്ടറി അനൂപ് കുമാർ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി ഏരിയാ കമ്മിറ്റി അംഗം കെ.ബാലചന്ദ്രൻ ,ലോക്കൽ സെക്രട്ടറി ബിനിൽകുമാർ തുടങ്ങിയ സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കൾ സോണിയുടെ വീട് സന്ദർശിച്ചു.