അടൂർ: രണ്ടുവർഷം മുൻപ് അടൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നു യുവാക്കൾ അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ വിളവൻകോട് കോവിൽവിള പുത്തൻവീട്ടിൽ രതീഷ് കുമാർ (32), പെരുമാങ്കോട് പുത്തൻവീട്ടിൽ സുധീഷ് ബോസ് (31), പെരുമാങ്കോട് പുത്തൻവീട്ടിൽ സുഭാഷ് ബോസ് (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രതീഷിനെയും സുധീഷിനെയും തിരുവനന്തപുരത്തുനിന്നും സുഭാഷിനെ പത്തനംതിട്ടയിൽ നിന്നുമാണ് ചൊവ്വാഴ്ച പിടികൂടിയത്. ഒന്നാം പ്രതി തിരുവനന്തപുരം സ്വദേശി മനു കോടതി ജാമ്യത്തിലാണ്. പെൺകുട്ടിയുടെ വീടിനടുത്ത് ടാപ്പിംഗ് ജോലിക്കു വന്നതായിരുന്നു ഇവർ. പെൺകുട്ടിയെ പതിവായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ ഇവർ വീടുകയറി മർദ്ദിച്ചിരുന്നു. തടസം പിടിക്കാൻ ചെന്ന പെൺകുട്ടിയേയും ഇവർ മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. 2017 ജൂലായ് 31നായിരുന്നു സംഭവം. അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ സി.ഐ യു.ബിജു, എ.എസ്.ഐ.ബിജു, എസ്.സി.പി.ഒ മുനീർ, സി.പി.ഒ ശരത് എന്നിവരാണ് അന്വേഷണം നടത്തിയത്.