ശബരിമല:നെയ്യഭിഷേകപ്രിയനായ അയ്യപ്പൻ നാളികേര പ്രിയനുമാണ്. പമ്പയിലും പതിനെട്ടാംപടിക്കരികിലും ഭക്തർ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി തേങ്ങയുടയ്ക്കാറുണ്ട്. നെയ്യഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് തേങ്ങയിലാണ്. നാളികേര ലേലത്തിലൂടെ മികച്ച വരുമാനാണ് ദേവസ്വം ബോർഡിന് ലഭിക്കുന്നത്.
മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് ഫെഡറേഷനാണ് ഇത്തവണ കൊപ്രയുടെ ലേലാവകാശം. അഞ്ച് കോടി 19ലക്ഷം രൂപയ്ക്കാണ് ലേലം പിടിച്ചത്. കൊപ്രാ സംസ്കരണത്തിന് റാന്നി സ്വദേശിയായ സി.കെ. ബാലനുമായാണ് മാർക്കറ്റിങ് ഫെഡിന്റെ കരാർ. സി.കെ. ബാലന്റെ മേൽനോട്ടത്തിലാണ് കൊപ്രാക്കളത്തിലെ ജോലികൾ. ആറ് കങ്കാണിമാരുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ വിന്യസിച്ചിരിക്കുന്നത്. തൊഴിലാളികൾക്കായി മെസുമുണ്ട്.
നാളികേരം നശിച്ചുപോകാതെ സംഭരിച്ചും സംസ്‌കരിച്ചും തിരിച്ച് നാട്ടിലെത്തിക്കുകയാണ് തൊഴിലാളികൾ. നടതുറക്കുമ്പോൾ തീർത്ഥാടകർക്കൊപ്പം മലകയറുകയും മകരവിളക്ക് ഉൽസവംകഴിഞ്ഞ് നട അടച്ച് ദിവസങ്ങൾ കഴിഞ്ഞ് മലയിറങ്ങുകയും ചെയ്യുന്നവർ. പത്തുമാസം നാട്ടിൽ എല്ലുമുറിയെ പണിതാലും ദുർവ്യയങ്ങളും ദുശീലങ്ങളും കീശകാലിയാക്കുമ്പോൾ ഇവിടെ അയ്യപ്പസ്വാമിയുടെ പ്രസാദം ഭക്ഷിച്ച് ഭക്തിയോടെ കഴിയുന്നതിനാൽ പണം മിച്ചം വയ്ക്കാൻ കഴിയുന്നുണ്ട്. ഇരുന്നൂറിനടുത്ത് തൊഴിലാളികൾ സന്നിധാനത്തെ കൊപ്രാക്കളത്തിൽ പണിയെടുക്കുന്നു. ദേവസ്വത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന തേങ്ങ പുകകയറ്റി കാമ്പുമാറ്റി വെയിലത്തോ, ഡ്രയറിലോ, ചേരിലോ ഉണക്കി കൊപ്രയാക്കി മാറ്റുകയാണിവിടെ. പുലർച്ചെ നാലിനാരംഭിക്കുന്ന ജോലി രാവിലെ പത്തുമണിയോടെ തീരും. പിന്നീടങ്ങോട്ട് മുഴുവൻ അധികസമയ ജോലിയിലാണവർ, അധികവരുമാനവുമുണ്ട്. വർഷങ്ങളുടെ പഴക്കമുണ്ട് സന്നിധാനത്തെ കൊപ്രാക്കളത്തിന്. പണ്ട് കാടുവെട്ടി കളമൊരുക്കി, മരംവെട്ടി വിറകാക്കിയായിരുന്നു കൊപ്രാസംസ്‌കരണം. വന്യമൃഗങ്ങളുടേയും പാമ്പിന്റേയും ശല്യം രൂക്ഷമായിരുന്നു അന്ന്. ക്ഷേത്രപരിസരം വികസിച്ചപ്പോൾ കൊപ്രാക്കളത്തിന്റെ സ്ഥാനവും മാറി.