kachil

റാന്നി: റാന്നി പുല്ലൂപ്രം കടയ്‌ക്കേത്തിൽ റെജി ജോസഫിന്റെ കൃഷി സ്ഥലത്തെ വിളവെടുപ്പ് ഇത്തവണ ഭീകരമായിരുന്നു. ഏഴടി നീളവും നൂറ് കിലോ തൂക്കവുമുള്ള കാച്ചിലാണ് മണ്ണി കനിഞ്ഞുനൽകിയത്.

50 കിലോയോളം തൂക്കം വരുന്ന മറ്റൊരു കാച്ചിലും ലഭിച്ചു.

പൂവന്മലയ്ക്കടുത്ത് പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്താണ് കൃഷി . പാതാളക്കാച്ചിൽ (നൂറോൻ) ഇനത്തിൽപ്പെട്ട കാച്ചിലാണിത്. കാച്ചിൽ മണ്ണിൽ നിന്നെടുക്കാൻ ഏറെ ബുദ്ധിമുട്ടി. . ചുറ്റും എട്ടടിയിലധികം താഴ്ചയിൽ കുഴിയെടുത്ത്, ഒടിയാതിരിക്കാൻ കമ്പുകൾവെച്ചുകെട്ടി ഏഴ് പേർ ചേർന്നാണ് പുറത്തെടുത്തത്. .

നീലക്കാച്ചിൽ, ആദിവാസികൾ കൃഷി ചെയ്യുന്ന പെരുവലത്തിൻ കാച്ചിൽ തുടങ്ങി വിവിധയിനം കാച്ചിലുകൾ, മുക്കിഴങ്ങ്, ചെറുകിഴങ്ങ്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി എന്നിവയെല്ലാം റെജിയുടെ ജൈവകൃഷികളിൽ ഉൾപ്പെടുന്നു. പ്രത്യേക കൃഷി രീതിയാണിതിന്റെ രഹസ്യം. ആഴത്തിൽ കുഴിയെടുത്ത് വാഴപ്പിണ്ടിയും ചകിരിയുമെല്ലാം നിറച്ചാണ് നടുന്നത്. തൂക്കത്തിൽ ഇതിലും കൂടിയ കാച്ചിൽ മുമ്പ് വിളവെടുത്തിട്ടുണ്ടെങ്കിലും ഇത്ര പൊക്കമുള്ളത് ആദ്യമായാണ് ലഭിച്ചതെന്ന് റെജി പറഞ്ഞു .

ഒറ്റമൂടിൽ 130 കിലോഗ്രാം തൂക്കം വരുന്ന കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടയ്ക്ക, ഏഴടി എട്ടിഞ്ച് നീളമുള്ള ചേമ്പ് ഇവയെല്ലാം മുമ്പ് വിളയിച്ചെടുത്തിട്ടുണ്ട് .

വെണ്ടയ്ക്ക,ചേമ്പ് എന്നിവ ലിംക ബുക്ക് ഒഫ്‌ െറക്കോഡ്‌സിൽ സ്ഥാനം പിടിച്ചിരുന്നു.
കാർഷിക മേളകളിൽ റെജി കൗതുക കാർഷികവിളകൾ പ്രദർശിപ്പിക്കാറുണ്ട്.