ഇലന്തൂർ : ഗവ. ഹൈസ്കൂളിനെ തകർക്കാൻ ചില തൽപര കക്ഷികൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്കൂൾ പി.ടി.എ രംഗത്ത്. അംഗൻവാടി മുതൽ പ്ലസ്ടു, വി.എച്ച്.എസ്.ഇ വരെ പ്രവർത്തിയ്ക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ബി.എഡ് കോളേജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിയ്ക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് സ്കൂൾ കെട്ടിടത്തിൽ കോളേജ് ക്ലാസ് മുറികൾ ക്രമീകരിച്ചത്. പ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലാസ് മുറികൾ ബി.കോം ക്ലാസിന് വേണ്ടി അനധികൃതമായി കൈയ്യേറുകയായിരുന്നുവെന്നും ഇവർ പറയുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ കളിസ്ഥലത്ത് കോളേജ് വിദ്യാർത്ഥികൾ കടന്നു കയറുകയും അപകടകരമായ ബൈക്ക് യാത്ര നടത്തുകയും ചെയ്യാറുണ്ടെന്നും ഇത് ചോദ്യം ചെയ്ത പി.ടി.എയ്ക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് കോളേജ് അധികൃതരുടേയും യൂണിയന്റെയും ഭാഗത്ത് നിന്നുണ്ടായതെന്നും ഇവർ കുറ്റപ്പെടുത്തി.