തിരുവല്ല: നിരണം പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ കുരുവിള കോശിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. പാണ്ടനാട് തകിടിയിൽ ജോബിൻ (രതീഷ് -22 ), ബന്ധുക്കളായ നിരണം മുണ്ടനാരിൽ ആകാശ് (20), മുണ്ടനാരിൽ രാഹുൽ (20) എന്നിവരാണ് ഇന്നലെ പിടിയിലായത്. മാവേലിക്കരയിലെ ഇവരുടെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം നിരണം കിഴക്കുമുറി ഇല്ലത്തുപറമ്പിൽ സിനുകുമാർ (39) അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട നാലുപേർ പിടിയിലായി. പ്രതികളെല്ലാം റിമാൻഡിലാണ്. കേസിൽ ഉൾപ്പെട്ട മുണ്ടനാരിൽ അനീഷ് ഒളിവിലാണ്. പുളിക്കീഴ് സി.ഐ ടി.രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ അനീഷിനെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി. സംഘം ചേർന്ന് പഞ്ചായത്തംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ആക്രമണത്തിന് ഉപയോഗിച്ചശേഷം പ്രതികൾ തട്ടാരമ്പലത്തേക്ക് കടക്കാൻ ശ്രമിച്ച ഇന്നോവ കാർ പാണ്ടനാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുരുവിള കോശി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8നാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് പുറത്തേക്ക് വിളിച്ച് വരുത്തിയശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിരണം പഞ്ചായത്തിലെ കേരളോത്സവം നടത്തിപ്പിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റ സംഭവമുണ്ടായി. ഈ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ ഗുണ്ടാസംഘത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.