mla

കോന്നി : നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെ.യു. ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ശില്പശാല ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്​റ്റേഡിയത്തിൽ നടന്ന ശിൽപ്പശാല എം. എൽ. എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ശില്പശാല ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും കോൺഗ്രസ് നേതാക്കളുൾപ്പെടെ പങ്കെടുത്തു.

ചി​റ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു .ജില്ലാ സെക്രട്ടറിയേ​റ്റംഗം പി.ജെ. അജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്. പ്രകാശ്, ശ്യാംലാൽ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാൽ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ഡി.എഫ്.ഒ ശ്യാം മോഹൻ ലാൽ, പി.ഡബ്ല്യു.ഡി എ.എക്‌സ്.ഇ ബി.ബിനു, വാട്ടർ അതോറി​റ്റി എ .ഇ ജി. പ്രസാദ് എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ച് ശിൽപ്പശാലയിൽ സജീവ ചർച്ച നടന്നു. തുടർന്ന് ചർച്ചകൾ ക്രോഡീകരിച്ച് അടിയന്തിര പദ്ധതികൾക്ക് എം. എൽ. എ ശിൽപ്പശാലയിൽ വച്ചുതന്നെ ഫണ്ട് അനുവദിക്കുകയും ചെയ്തു.

കോന്നി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് മാസ്​റ്റർ പ്ലാൻ തയ്യാറാക്കും. മുടങ്ങിക്കിടക്കുന്ന കോന്നി ചി​റ്റൂർ കടവ് നടപ്പാലത്തിന്റെ പണി പൂർത്തീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കും. .മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ മോട്ടോർ മാറുന്നതിന് 40 ലക്ഷം രൂപ വകയിരുത്തും. കൂടൽ, വള്ളിക്കോട് പി. എച്ച്. സികൾക്ക് 25 ലക്ഷം രൂപ അനുവദിച്ചു. അപകടാവസ്ഥയിലായ ഐരവൺ തൂക്കുപാലത്തിന്റ അ​റ്റകു​റ്റപ്പണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കും. ഇക്കോടൂറിസം പദ്ധതിയുടെ നവീകരണം, കൈവശഭൂമിയിലെ പട്ടയ പ്രശ്‌നങ്ങൾ കൃഷിഭൂമിയിലെ വന്യമൃഗങ്ങളുടെ ശല്യം എന്നിവ പരിഹരിക്കുന്നതിന് വനം വകുപ്പുമായി കൂടിയാലോചിച്ച് പദ്ധതി ആവിഷ്‌കരിക്കും.ആവണിപ്പാറയിൽ വൈദ്യുതി എത്തിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.

പ്രമാടം ഗ്രാമപഞ്ചായത്തിലെ മറൂർ- കല്ലറക്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ മാ​റ്റി സ്ഥാപിക്കും. ഗുരുനാഥൻമണ്ണ് -മുണ്ടൻപാറ റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.