കോന്നി : നിർദ്ദിഷ്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഒ.പി തുടങ്ങുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വകുപ്പുതലസംഘം സന്ദർശനം നടത്തി. ഡി.എം.ഒ റംല ബീവി, കോന്നി മെഡിക്കൽ കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ. വി.കെ. ശ്രീകല, സൂപ്രണ്ട് ഡോ. എസ്. സജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഒ.പി തുടങ്ങിക്കഴിഞ്ഞാൽ എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തനം ഉണ്ടാകും. ഒരു ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും.
തുടക്കത്തിൽ 30 ഡോക്ടർമാരും നഴ്സ് ഉൾപ്പടെ 70 ജീവനക്കാരും ഉണ്ടായിരിക്കും. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും താമസ സൗകര്യങ്ങളും സംഘം ചർച്ച ചെയ്തു. താൽക്കാലിക സംവിധാനം ഒരുക്കാൻ ആലോചിക്കുന്ന ഡോർമെട്രികൾ സംഘം സന്ദർശിച്ചു.