വെണ്ണിക്കുളം: പുല്ലാട് മല്ലപ്പള്ളി റോഡ് പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ടെൻഡർ നടപടികൾ മാത്രം പൂർത്തിയാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ടെൻഡർ പൂർത്തിയാക്കി അനുമതി ലഭിച്ചാലെ നിർമ്മാണം ആരംഭിക്കാൻ സാധിക്കു.ജലഅതോറിട്ടി പൈപ്പിടാൻ വേണ്ടി കുത്തിപ്പൊളിച്ച റോഡ് പിന്നീട് കുഴിയായി കുളമാകുകയായിരുന്നു. ഇതുവഴി വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും കഴിയാത്ത സ്ഥിതിയാണിപ്പോഴും. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ഒഴിച്ചുള്ള വാഹനങ്ങൾ എല്ലാം മറ്റ് വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.ഇപ്പോൾ താൽക്കാലിക ആശ്വാസത്തിനായി മെറ്റൽ നിറച്ച് കുഴി നികത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് ആരംഭിച്ചിട്ട് ഇപ്പോൾ രണ്ട് മാസമായി. ഇതുവരെ പണി പൂർത്തിയായിട്ടില്ല.

അറ്റകുറ്റപ്പണി നടക്കുന്നത്

പുല്ലാട് മുതൽ മല്ലപ്പള്ളി ഹൈസ്‌കൂൾ പടിവരെയുള്ള 13 കിലോ മീറ്റർ റോഡിലാണ് ഇപ്പോൾ അറ്റകുറ്റപണികൾ നടക്കുന്നത്. ഇതിനിടയിൽ പൈപ്പ് ഇട്ടതിന്റെ കേടുപാടുകൾ നികത്താൻ ജല അതോറിട്ടി പരിശോധനയും നടത്തുന്നുണ്ട്.റോഡിന്റെ ഇരുസൈഡിലും മെറ്റലും മണലും നിറഞ്ഞിരിക്കുകയാണ്. ചെയിൻ സർവീസ് നടക്കുന്ന കോട്ടയം കോഴഞ്ചേരി റൂട്ടാണിത്.എതിരെ വരുന്ന വാഹനത്തിന് പോകാനുള്ള സ്ഥലം പോലും ഇവിടില്ല. ഇരുചക്രവാഹനങ്ങൾ ദിവസവും അപകടത്തിൽപ്പെടുന്ന സ്ഥലം കൂടിയാണിത്.

കുഴിയടയ്ക്കാനുള്ള പണികൾ പൂർത്തിയായിട്ടുണ്ട്. മെറ്റൽ ഇട്ട് കുഴി നികത്തി വരികയാണിപ്പോൾ. രണ്ടാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാകും.പുല്ലാട് മുതൽ മല്ലപ്പള്ളി ഹൈസ്‌കൂൾ പടി വരെയുള്ള13കിലോമീറ്റർ റോഡിന്റെയാണ് ടെൻഡർ നടപടികൾ നടക്കുന്നത്. എത്രയും വേഗം തന്നെ പണി ആരംഭിക്കും. ഇപ്പോൾ റോഡിന്റെ പരിശോധന നടക്കുന്നുണ്ട്.

(കൊല്ലം ദേശീയ പാത അധികൃതർ)

- പണി തുടങ്ങാൻ ടെൻ‌ഡർ നടപടി പൂർത്തിയാകണം

-ഇപ്പോൾ ചെയ്യുന്നത് മെറ്റൽ ഇട്ട് കുഴി നികത്തുന്നു

- ഇത് ആരംഭിച്ചിട്ട് 2 മാസം