പത്തനംതിട്ട: ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസം​ബർ 3ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് പിന്തുണ നൽകി അന്നേ ദിവസം കടകൾ അടച്ചിടാൻ അസോസിയേഷൻ കോഴഞ്ചേരി താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. റേഷൻമേഖല സ്വകാര്യ കുത്തകൾക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, മണ്ണെണ്ണയുൾപ്പെടെയുള്ള റേഷൻ സാധനങ്ങൾ വെട്ടിക്കുറച്ച നിലപാട് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എൻ.കെ.ഓമന അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് വട്ടക്കാവ്, ചെങ്ങറ കുഞ്ഞുമോൻ, ജോസ് മാത്യു, ചന്ദ്രമോഹൻ, രാജശേഖരക്കുറുപ്പ്, ബാബു കുളത്തുങ്കൽ, എം. ബഷീർ, സജി പാലക്കുന്നിൽ, ജസി മാത്യു, പ്രസാദ് കോഴഞ്ചേരി, അനു പി. സാം എന്നിവർ പ്രസംഗിച്ചു.