തിരുവല്ല: അപ്പർകുട്ടനാടൻ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പുളിക്കീഴ് സമഗ്ര കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല സ്ഥാപിക്കാനുള്ള രണ്ടാം ഘട്ടത്തിന് 20 കോടി രൂപ നബാർഡിൽ നിന്നും അനുമതിയായി.നിരണം,കടപ്ര, നെടുമ്പ്രം,പെരിങ്ങര പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം പൂർണമായി ലഭിക്കുക. മാത്യു ടി.തോമസ് മന്ത്രിയായിരുന്ന കാലത്ത് 7-11-2018 ലെ 799/2018 ഉത്തരവ് പ്രകാരം ഭരണാനുമതി ലഭ്യമാക്കിയ പ്രവർത്തി ടെണ്ടർ വിളിച്ച് കരാർ ഉറപ്പിച്ചാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്നത്.
പദ്ധതി ഇങ്ങനെ............
നിരണം, ഇരതോട്, മോടിശേരി എന്നീ സ്ഥലങ്ങളിൽ പൂർത്തീകരിച്ച ഉന്നതതല സംഭരണികളിൽ നിന്നും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുവാൻ 118.47 കി.മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിക്കുന്നതാണ് പദ്ധതി.പി.ഡബ്ല്യൂ.ഡി റോഡുകൾ പുനസ്ഥാപിക്കുന്നതിന് 5 കോടി രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.പഞ്ചായത്തിന്റെ വകയായുള്ള റോഡുകളുടെ ടാറിംഗ് ഇളക്കാതെ മൺഭാഗത്തു കൂടി പൈപ്പ് ഇടാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.ഒന്നാം ഘട്ടത്തിൽ പ്രതിദിനം 14 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുവാനുള്ള കിണറിന്റെയും ശുദ്ധീകരണശാലയുടെയും പണികൾ പുളിക്കീഴിലെ പമ്പ ഷുഗർ ഫാക്‌ടറിക്ക് സമീപം പമ്പയാറിന്റെ തീരത്ത് പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തു. നെടുമ്പ്രത്ത് 3.5ലക്ഷം ലിറ്ററിന്റെയും മോടിശേരിയിൽ ഏഴ് ലക്ഷം ലിറ്ററിന്റെയും സംഭരണ ശേഷിയുള്ള ഉപരിതല ടാങ്കുകളും പൂർത്തീകരിച്ചു.മോടിശേരി,സ്വാമിപാലം,നെടുമ്പ്രം ടാങ്കുകളിലേക്കുള്ള പമ്പിംഗ് മെയിൻ ലൈനുകളും സ്ഥാപിക്കുന്നത് പൂർത്തീകരിച്ചു.ടാങ്കുകളിൽ നിന്നുള്ള വിതരണ ലൈനുകളുടെ പണിയാണ് ഇപ്പോൾ ആരംഭിക്കുന്നത്.
കുടിവെള്ള പദ്ധതിയുടെ സാദ്ധ്യതകൾ ചൂണ്ടികാട്ടിയത് കേരളകൗമുദി
അപ്പർകുട്ടനാട്ടിലെ ജനങ്ങളുടെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനായി പുളിക്കീഴിൽ പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കേണ്ടതിന്റെ സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി 2012ൽ കേരളകൗമുദിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.ഈ റിപ്പോർട്ട് പരിഗണിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ സാദ്ധ്യതകൾ പഠിച്ചു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പുതിയ കുടിവെള്ള പദ്ധതിക്ക് അനുമതി നേടിയെടുക്കുകയായിരുന്നു.
രണ്ടാംഘട്ട ഉദ്ഘാടനം ഡിസംബർ മൂന്നിന്
പുളിക്കീഴ് കുടിവെള്ള പദ്ധതിയുടെ രണ്ടാഘട്ട പ്രവർത്തികളുടെ ഉദ്ഘാടനം ഡിസംബർ 3ന് വൈകിട്ട് 3.30 ന് നിരണംവടക്കുംഭാഗത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
-118.47 കി.മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിക്കും