ശബരിമല: കാണിക്കവേഗത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതിമോഡൽ സംവിധാനം സന്നിധാനത്ത് ഏർപ്പെടുത്താൻ ആലോചന. കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ അന്നേദിവസം തന്നെ എണ്ണിതീർക്കാനാകാതെ കുന്നുകൂടുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നത്. സന്നിധാനത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളിൽനിന്നുമുള്ള പണമാണ് ഭണ്ഡാരത്തിലെത്തിച്ച് തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്. എന്നാൽ കാണിക്ക എണ്ണാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും പഴയഭണ്ഡാരത്തേക്കാൾ പുതിയതിന് വലിപ്പകുറവായതുമൂലവും നാണയെമെണ്ണുന്നത് സാവധാനമാണ്. ഇതിന് പരിഹാരമായി നാണയങ്ങൾ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിന് ദേവസ്വം ബോർഡിന്റെ അനുമതി ആവശ്യമാണ്. അനുമതിക്കായി വിശദമായ രൂപരേഖ എക്‌സിക്യൂട്ടിവ് ഓഫീസർ രാജേന്ദ്രപ്രസാദ് ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. നാണയംതൂക്കി തുകനിശ്ചയിക്കുന്ന രീതിയാണ് തിരുപ്പതിയിലുള്ളത്. എന്നാൽ ഈ രീതിയിൽ നാണയത്തിന്റെ മൂല്യം തിട്ടപ്പെടുത്തുന്നതിന് ആർ.ബി.ഐയുടെ അംഗീകാരം ഇല്ല. ഈ രീതിക്ക് ബോർഡിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ കൂടുതൽ കൗണ്ടിംഗ് യന്ത്രങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാണയങ്ങൾ തരംതിരിക്കാൻ നാല് യന്ത്രങ്ങളാണ് സന്നിധാനത്ത് ഭണ്ഡാരത്തിലുള്ളത്. എന്നാൽ എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമാണുണ്ടായിരുന്നത്. അതിപ്പോൾ തകരാറിലുമാണ്. യന്ത്രം നിർമ്മിക്കുന്ന കമ്പനി ഉത്പാദനം നിർത്തിയതോടെ തകരാർ പരിഹരിക്കുന്നതിനോ പുതിയയന്ത്രം വാങ്ങുന്നതിനോ കഴിയില്ല.