കൊടുമൺ: ഗതാഗത നിയമങ്ങളെപ്പറ്റിയുള്ള അവബോധമില്ലായ്മയാണ് വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾക്ക് കാരണമെന്ന് അടൂർ ഡിവൈ.എസ്.പി. ജവഹർ ജനാർദ്ദ് പറഞ്ഞു. കേരളകൗമുദി നേതൃത്വത്തിൽ അടൂർ എസ്.എൻ ഐടിയിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു റോഡ് സംസ്കാരം മലയാളികൾക്ക് ഉണ്ടാകണം, ഇത് ഇല്ലാത്തതാണ് ഇത്രയും ആളുകൾ റോഡിൽ പൊലിഞ്ഞു വീഴാൻ കാരണമാകുന്നത്. ജീവൻ വിലപ്പെട്ടതാണ് അത് ചെറുപ്രായത്തിൽ നഷ്ടമാകാൻ ഇടയാകരുത്. മരണം മാത്രമല്ല, കൈകാലുകൾ നഷ്ടമായി കിടക്കയിൽ കഴിയുന്ന എത്രയോ ആളുകളാണ്. കേരളത്തിലെ റോഡുകൾ മരണ കിടക്കകളാണെന്ന് വേണമെങ്കിൽ പറയാം. രക്തം വീണ് നമ്മുടെ റോഡുകൾക്ക് ചുവപ്പ് നിറമായിട്ടുണ്ട്. മാതാപിതാക്കൾ വലിയ പ്രതീക്ഷയോടെ വളർത്തുന്ന കുട്ടികൾ റോഡപകടങ്ങളിലൂടെ അവരെ കണ്ണീരിലേക്ക് തള്ളിവിടുന്നു. അശ്രദ്ധയോടെ അലക്ഷ്യമായി വാഹനം ഓടിക്കുന്നതാണ് അപകടത്തിൽപ്പെടുന്നതിന് കാരണം. ഗതാഗതനിയമം കർശനമായി നടപ്പാക്കുക തന്നെ വേണം. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷമാത്രമല്ല ജയിൽ ശിക്ഷയും ലഭിക്കും. മനപൂർവ്വം ഉണ്ടാകുന്ന അപകടങ്ങളിൽ മരണപ്പെട്ടാൽ അതുകൊലപാതകം തന്നെയാണ്. മദ്യപിച്ച് വാഹനം ഓടിച്ച് ജീവൻ അപകടത്തിലാക്കിയാൽ 10 വർഷം ജയിൽ ശിക്ഷ ലഭിക്കാം. അടൂരിൽ അടുത്തിടെ ദമ്പതികൾ മരിച്ച അപകട കേസിൽ പൊലീസ് ഇപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശിക്ഷ വർദ്ധിപ്പിച്ചിട്ടും അടൂരിൽ മദ്യപിച്ച് വാഹനം ഓടിക്കുന്ന എൺപതോളം ആളുകൾ പ്രതിമാസം പിടിക്കപ്പെടുന്നുണ്ട്. 30-35 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നുണ്ട്. അടൂർ സബ് ഡിവിഷൻ ഏരിയായിൽ ഇത്തരം 200 കേസുകൾ വരെയുണ്ട്. വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ കൂട്ടായ ശ്രമവും ബോധവത്കരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അടൂർ ജോയിന്റ് ആർ.ടി.ഒ സി. ശ്യാം ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ കെ. ഉദയൻ അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, ശാഖാ പ്രസിഡന്റ് ആർ. ജിതേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ. കെ. അശോക് കുമാർ, കേരളകൗമുദി പ്രതിനിധി സി.വി. ചന്ദ്രൻ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.എൻ. പ്രകാശ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ രമാദേവി, സ്കൂൾ ഹെഡ്മിസ്ട്രസ് ദയാരാജ്, സ്റ്റാഫ് സെക്രട്ടറി ബെൻസി ജോൺ, അദ്ധ്യാപകരായ എസ്.സജിത, എൻ.റാണി, എ.ജീന, ആർ.മണികണ്ഠൻ, എൻ. സുനീഷ്, എസ്.പി.സി കേഡറ്റ് പൂർണിമ അനിൽ എന്നിവർ പ്രസംഗിച്ചു.