കുമ്പളാംപൊയ്ക : തിരഞ്ഞെടുപ്പിന് മുമ്പ് വരെ പണി തകൃതിയായി നടന്നിരുന്ന അട്ടച്ചാക്കൽ-കുമ്പളാം പൊയ്ക റോഡ് നിർമ്മാണം പകുതിക്കൽ നിറുത്തി. റോഡിൽ നിറയെ മെറ്റലിളകി അപകടാവസ്ഥയിലാണ്. റാന്നി,കോന്നി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 13 കിലോമീറ്റർ റോഡാണിത്. ഇപ്പോൾ പൊടിശല്യവും രൂക്ഷമാണ്. കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കോന്നി ഉപതിരഞ്ഞെടുപ്പിന് മുമ്പ്‌വേഗത്തിലായ ടാറിംഗ് ഇപ്പോൾ പൂർണമായും നിറുത്തി. കലുങ്കുകളുടെ നിർമ്മാണവും ഇതോടൊപ്പം നടന്നിരുന്നു. മഴപെയ്തപ്പോൾ മെറ്റൽ കുത്തൊഴുക്കിൽ പെട്ട് ഇളകി ഒലിച്ച് വീണ്ടും കുഴിയായി. വീതി കൂട്ടാൻ മണ്ണെടുത്തു മാറ്റിയിരുന്ന റോഡ് വശങ്ങൾ മുഴുവൻ മഴയിൽ ഒലിച്ച്‌റോഡ് മുഴുവൻ മണ്ണും കല്ലുമായി. വലിയ തടിലോറികൾ വരെ കടന്നുപോകുന്നറോഡരികിൽ താമസിക്കുന്നവരുടെ സ്ഥിതി ദയനീയമാണ്. പൊടി കാരണം വീടിന്റെ ജനലുകൾപോലും തുറക്കാൻ പറ്റുന്നില്ല. നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊടി കുറക്കാൻ റോഡ് നനച്ചിരുന്നു. പിന്നെ അതും ഉണ്ടായില്ല.
എളുപ്പവഴിയായി ഉപയോഗിച്ചിരുന്നു
കുമ്പളാംപൊയ്ക, തലച്ചിറ,പുതുക്കുളം ഭാഗങ്ങളിൽ ഉള്ളവർ കോന്നിയിൽ എത്താനും എളുപ്പവഴി ആയി ഉപയോഗിക്കുന്നറോഡ് ആണിത്. ഈറോഡരികിൽ നിരവധി സ്‌കൂളുകളും പ്രവർത്തിക്കുന്നുണ്ട്. എം.എൽ.എമാരായ രാജു ഏബ്രഹാം, കെ.യു ജനീഷ് കുമാർ എന്നിവരുടെ മണ്ഡലത്തിലൂടെ കടന്നുപോകുന്നറോഡാണിത്.
വാട്ടർ അതോറിട്ടിയുടെ പൈപ്പിന്റെ പണിയും കെ.എസ്.ഇ.ബിയുടെപോസ്റ്റിന്റെ പണിയും നടക്കുന്നത് കൊണ്ടാണ് നിർമ്മാണം നിറുത്തിയത്. ഈ രണ്ടു പണികളും പൂർത്തിയാക്കിയാൽ ഉടൻ തന്നെറോഡ് പണി പൂർത്തിയാക്കും.
(പി.ഡബ്ല്യൂ.ഡി അധികൃതർ)