മല്ലപ്പള്ളി: കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ മഹാത്മ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ അഴിമതിയെന്ന് ആക്ഷേപം. സൂപ്പർവൈസർ, മേട്രൺ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെയാണ് വൻ ക്രമക്കേടുകൾക്ക് നടക്കുന്നത്. ഏക്കർ കണക്കിന് ഭൂമിയുള്ളവരുടെ കൃഷിയിടങ്ങളിൽ ഒരുമാനദണ്ഡവും കൂടാതെ വർഷാവർഷം 100 മുതൽ 340 പ്രവൃത്തികൾ ഒരു പുരയിടത്തിൽ ചെയ്യുന്നതായി ആരോപണമുണ്ട്. സൂപ്പർവൈസർ, മേട്രൺ എന്നിവർ അഴിമതിക്ക് കൂട്ടുനിൽക്കുന്നുണ്ട്. ചെറുകിട നാമമാത്ര കർഷകരുടെ പുരയിടത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവൃത്തികൾ ചെയ്യുന്നതിന് അനുമതി നൽകുന്നില്ല.അവസരം ലഭിക്കാത്തവർ അന്വേഷിച്ചെത്തിയാൽ രണ്ട് മുതൽ അഞ്ച് വർഷത്തേക്ക് ഒരു പുരയിടത്തിൽ ഇനി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല. ജി.പി.എസ് മുഖാന്തരമുള്ള സർവേയിൽ രേഖപ്പെടുത്തിരിയിരിക്കുകയാണെന്നന്നും പറഞ്ഞ് സാധാരണ കർഷകരെ മടക്കുകയാണെന്നും പറയുന്നു. ഇത്തരം കർഷകരോട് അനുകൂല സമീപനം സ്വീകരിക്കുന്ന തൊഴിലാളികളെ ഒറ്റപ്പെടുത്തതിനും അവരുടെ വേതനം തടയുന്നതിനുമുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. മസ്‌ട്രോളിൽ രേഖപ്പെടുത്താതെ വേണ്ടപ്പെട്ടവരുടെ പുരയിടത്തിലെ കാടുതെളിക്കൽ, മഴക്കുഴി നിർമ്മാണം എന്നിവയെല്ലാം ചെയ്ത് നൽകുന്ന രീതിയും നിലവിലുണ്ട്. ചിലർ ഇതിനായി മാത്രം പണിയെടുക്കുന്നവരുമുണ്ട്. എന്നാൽ സ്ത്രീകൾ മേൽനോട്ടം വഹിക്കുന്ന മേഖലയായതിനാൽ ആരും പരാതിയുമായി പോകാനും തയാറാകുന്നില്ല. ചിലരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് ഇത്തരം വഴിവിട്ട പദ്ധതി വിനിയോഗമെന്നാണ് ആക്ഷേപം.