തണ്ണിത്തോട്: പ്രാഥമിക ചികിത്സയ്ക്ക് പോലും തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സൗകര്യമില്ല. രാത്രിയിലാണ് ഏറെയും ദുരിതം. ചികിത്സ വേണമെങ്കിൽ കോന്നിയിലോ പത്തനംതിട്ടയിലോ പോകണം. തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട്, മൂർത്തിമൺ, ഏഴാന്തല, തൂമ്പാക്കുളം, പൂച്ചക്കുളം, മണ്ണീറ, എലിമുള്ളം പ്ലാക്കൽ, കൂത്താടിമൺ, മേടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി വൈകിട്ട് 6വരെ സമയം ദീർഘിപ്പിച്ചെങ്കിലും രാത്രിയിൽ ചികിത്സയ്ക്ക് സൗകര്യങ്ങളില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏറ്റവും കിഴക്ക് ഭാഗത്തുള്ള കരിമാൻ തോട്, പൂച്ചക്കുളം,തൂമ്പാക്കുളം ഭാഗങ്ങളിലുമുള്ളവർ 35 കിലോമീറ്റർ സഞ്ചരിച്ചാണ് രാത്രിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിച്ചിലെത്തുന്നത്.