പന്തളം: വീട് നിർമ്മാണത്തിന്റെ പേരിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയതായി പരാതി.നഗരസഭ 25ാം ഡിവിഷനിലെ പൂഴിക്കാട് ഉണ്ണി വിലാസത്തിൽ തുളസിക്ക് വീട് പണിയാൻ പണം നൽകി നഗരസഭ അഴിമതി കാട്ടിയതായാണ് ആരോപണം. 2018ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുംബത്തിന് സംസ്ഥാന സർക്കാർ കെയർകേരള പദ്ധതിയിലുൾപ്പെടുത്തി വീടുനൽകിയിരുന്നു.
കുരമ്പാല സർവീസ് സഹകരണ ബാങ്ക് കെയർഹോം പദ്ധതിയിലുൾപ്പെടുത്തി നാലുലക്ഷം രൂപയും റവന്യൂ വകുപ്പ് 95,000 രൂപയും ഉൾപ്പെടെ 4,95,000 രൂപയാണ് വീടു പണിയുന്നതിനായി നൽകിയത്. കഴിഞ്ഞ മേയ് 26ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഗൃഹപ്രവേശന ചടങ്ങ് നിർവഹിച്ചത്. ഓണത്തോടനുബന്ധിച്ച് മന്ത്രി അഡ്വ.കെ. രാജു വീടു സന്ദർശിക്കുകയും ചെയ്തു. 2017- 18 ൽ പി.എം.എ.വൈ പദ്ധതിയിലുൾപ്പെടുത്തിയാണ് പന്തളം നഗരസഭ നാലു ലക്ഷം രൂപ നാലു ഗഡുക്കളായി വീടിന് വേണ്ടി നൽകിയത്. നഗരസഭയിൽ നിന്ന് ആനുകൂല്യം ലഭിക്കുന്ന വിവരം സഹകരണ സംഘം അധികൃതരെ അറിയിച്ചിരുന്നില്ലെന്ന് സഹകരണ സംഘം പ്രസിഡന്റ് ആർ.ജ്യോതികുമാർ പറയുന്നു
ഇതേ വാർഡിൽ ഒരു കുടുംബത്തിലെ നാലുപേരിൽ മൂന്നുപേരെ പി.എം.എ.വൈയുടെ മുൻ വർഷത്തെ ലിസ്റ്റിലും ഒരാളെ ഇത്തവണത്തെ ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ജന പ്രതിനിധിയുടെ മാതാവിന്റെപേരും ഇപ്രാവശ്യത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി അറിയുന്നു. പി. എം.എ.വൈ ലിസ്റ്റ് തയ്യാറാക്കുന്നത് കുടുംബശ്രീ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ്. ഇതു വാർഡു സഭ അംഗീകരിച്ചതിനുശേഷം നഗരസഭാ കൗൺസിലിൽ വച്ചാണ് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നത്.