അടൂർ: കരാറുകാരൻ കാട്ടിയ അലംഭാവത്തെ തുടർന്ന് നഗരഹൃദയത്തിലെ ഇരട്ട പാലങ്ങളുടെ നിർമ്മാണം നിറുത്തിവയ്ക്കാൻ കിഫ്ബി ബോർഡ് നിർദ്ദേശിച്ചു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നിർമ്മാണവും ഇതേ കാരണത്താൽ ഒന്നര മാസം മുൻപ് നിറുത്തിയിരുന്നു.

കഴിഞ്ഞ നവംബർ 30നാണ് പാലങ്ങളുടെ ശിലാസ്ഥാപനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചത്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 11.10കോടി രൂപ മുടക്കിയാണ് നിലവിലുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് പാലങ്ങൾ നിർമ്മിക്കാൻ കരുനാഗപ്പള്ളി ആസ്ഥാനമായുള്ള വലിയത്ത് കൺസ്ട്രക്ഷനുമായി കരാർ ഉറപ്പിച്ചത്. 2019 നവം.8ന് മുൻപായി പണി തീർക്കണമെന്നായിരുന്നു കരാർ. നിശ്ചിത സമയ പരിധി കഴിഞ്ഞിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും 20ശതമാനത്തിൽ താഴെ ജോലികൾ മാത്രമാണ് പൂർത്തിയായത്. നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്തായി നിർമ്മിക്കുന്ന പാലം പൈൽ ക്യാപ്പ് നിർമ്മാണത്തിൽ ഒതുങ്ങി. കാലവർഷവും വടക്കുഭാഗത്തെ നിർമ്മാണത്തിന് വൈദ്യുതി ലൈൻ മാറ്റി കൊടുക്കാതിരുന്നതുമാണ് പണി വൈകാൻ കാരണമെന്നാണ് കരാറുകാരന്റെ വിശദീകരണം.

5 തവണ നോട്ടീസ് നൽകി

കിഫ്ബിയും പൊതുമരാമത്ത് അധികൃതരും അഞ്ചുതവണ നോട്ടീസ് നൽകിയിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. പണികൾക്ക് തടസമായി നിന്ന 11കെ.വി ലൈൻ മാറ്റി കൊടുത്തത് കഴിഞ്ഞ മാസം 20നാണ്. വടക്കുഭാഗത്തെ പാലത്തിന്റെ അപ്രോച്ച് നിർമ്മാണത്തിനാവശ്യമായ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുന്ന ജോലി സർവേ വിഭാഗം പൂർത്തിയാക്കിയിട്ടില്ല.

പരിശോധന നാളെ

കിഫ്ബി ടെക്നിക്കൽ എക്സാമിനേഷൻ വിഭാഗം തിങ്കളാഴ്ച സംയുക്ത പരിശോധന നടത്തും. നിർമ്മാണത്തിൽ നിലവാരമില്ലെന്ന ആരോപണവും കിഫ്ബി ഉന്നയിക്കുന്നുണ്ട്. ഇതിന് ശേഷമേ നിർമ്മാണം തുടരാൻ അനുമതി നൽകണോ എന്ന തീരുമാനമുണ്ടാകൂ.

നഗരഹൃദയത്തിൽ വേഗത്തിൽ നടത്തേണ്ട നിർമ്മാണ പ്രവർത്തനത്തിൽ കരാറുകാരൻ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.

അഡ്വ.ബിജു വർഗീസ്

(നഗരസഭ കൗൺസിലർ)

നിർമ്മാണ ചെലവ്: 11.10

നിർമ്മാണ സമയപരിധി കഴിഞ്ഞു

പൂർത്തീകരിച്ചത് 20% പണികൾ