പത്തംതിട്ട- പത്തനംതിട്ട നഗരത്തിന്റെ ആധുനികവത്കരണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് വീണാ ജോർജ്ജ് എം.എൽ.എ അറിയിച്ചു. ഇതിന്റെ ആദ്യപടിയായാണ് റിംഗ് റോഡും,നഗരത്തിനുള്ളിലൂടെയുള്ള പൊതുമരാമത്ത് റോഡുകളും ആധുനിക രീതിയിൽ ടാർ ചെയ്യുകയും ,ടൈലുകൾ പാകി വൃത്തിയാക്കുകയും ചെയ്തത്.
പല റോഡുകൾ കൂടിച്ചേരുന്ന റിംഗ് റോഡിലെ ജംഗ്ഷനുകളുടെ വിപുലീകരണവും റൗണ്ട് എബൗട്ടുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും .റിംഗ് റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് കാൽനടക്കാർക്ക് പ്രയോജനകരമായി ടൈലുകൾ പാകി, വോക്ക് വേ നിർമ്മിക്കും. കൈയേറ്റം ഒഴിപ്പിക്കാൻ റവന്യു വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിശാ ബോർഡുകളും ഹെൽപ് ലൈൻ നമ്പറുകളും സ്ഥാപിക്കും. . സ്റ്റേഡിയം ജംഗ്ഷൻ, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ തുടങ്ങിയിടങ്ങളിൽ റൗണ്ട് എബൗട്ടുകൾ നിർമ്മിക്കും. യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന ഉപയോഗശൂന്യമായ പോസ്റ്റുകൾ, കോൺക്രീറ്റ് കുറ്റികൾ തുടങ്ങിയവ നീക്കം ചെയ്യും.