പത്തനംതിട്ട: സ്ത്രീപീഡനം ആരോപിച്ച് പന്തളം പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ച വിദ്യാർത്ഥി നിരപരാധിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് കെട്ടിച്ചമച്ച കേസിനെ തുടർന്ന് മാനസികമായി തളർന്ന പന്തളം മങ്ങാരം നെടുങ്ങോട്ടുവീട്ടിൽ മെബിൻ ഷാജി(19) പാതിവഴി പഠനം ഉപേക്ഷിച്ചിരുന്നു. മാനഹാനിമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. മാനസികമായി തകർന്ന മെബിൻ നിരവധി കൗൺസിലിംഗുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിജസ്ഥിതി തെളിഞ്ഞത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രൂപം കൊടുത്ത ആക്ഷൻ കൗൺസിൽ പ്രക്ഷോഭം ആരംഭിച്ചു.
സംഭവം ഇങ്ങനെ- അടൂരിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ബി.ബി.എ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു മെബിൻ ഷാജി. കഴിഞ്ഞ വർഷം ജൂലായ് 19ന് ഉച്ചകഴിഞ്ഞ് ഒരുമണിയോടെ രണ്ടുപേർ മെബിനെ തിരക്കി വീട്ടിലെത്തി. കൊറിയർ സ്ഥാപനത്തിൽ നിന്ന് വരികയാണെന്നും തങ്ങളോടൊപ്പം വന്ന് കൊറിയർ കൈപ്പറ്റണമെന്നുമായിരുന്നു ആവശ്യം. ഇവരോടൊപ്പം പുറത്തിറങ്ങിയതോടെ ഒരാൾ മെബിന്റെ മൊബൈൽ ഫോൺ പടിച്ചുവാങ്ങി. അപ്പോഴാണ് പൊലീസാണ് തന്നെ കൊണ്ടുപോകുന്നതെന്ന് മനസിലായത്.
പന്തളം പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഉടൻ പൊലീസുകാരൻ ഫോണുമായി സി.ഐയുടെ ഓഫീസിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് സി.ഐ പി.ഡി.ബിജു മെബിനെ വിളിപ്പിച്ചു. അദ്ദേഹം ഫോണിലെ ഫോട്ടോകൾ പരിശോധിച്ചശേഷം പുറത്തുപോയിരിക്കാൻ മെബിനോട് ആവശ്യപ്പെട്ടു. ഈ സമയം അവിടെ എത്തിയ എസ്.ഐ ജോബിൻ ജോർജ് ഫോണിലെ ചിത്രങ്ങൾ ഡിലിറ്റ് ചെയ്തത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് മെബിനുനേരെ കയർത്തു. ചിത്രങ്ങൾ ഒന്നും ഡിലിറ്റ് ചെയ്തിട്ടില്ലെന്നും സി.ഐ അത് കണ്ടതാണെന്നും മെബിൻ പറഞ്ഞെങ്കിലും അസഭ്യം പറഞ്ഞുകൊണ്ട് എസ്.ഐ മെബിനുനേരെ തട്ടിക്കയറുകയായിരുന്നു.
പന്തളത്തുള്ള ഒരു വീട്ടിൽ മെബിനും സുഹൃത്തും അതിക്രമിച്ച് കടന്ന് വീട്ടമ്മ കുളിക്കുന്ന രംഗം മൊബൈലിൽ പകർത്തിയെന്നാരോപിച്ചാണ് മെബിനെ കസ്റ്റഡിയിലെടുത്തത്. ചിത്രങ്ങൾ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്നും ഒടുവിൽ ക്രൂരമായി മർദ്ദിച്ചെന്നും കാട്ടി പൊലീസ് മെബിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.
ഒന്നാം പ്രതിയുടെ പേര് തിരിക്കിയായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ. താൻ നിരപരാധിയാണെന്ന് മെബിൻ പഞ്ഞപ്പോൾ ഏതെങ്കിലും ഒരു സുഹൃത്തിന്റെ പേരുപറയാതെ നിനക്ക് രക്ഷയില്ലെന്നുമായിരുന്നു ചോദ്യം ചെയ്ത പൊലീസുകാരന്റെ മറുപടി. ക്രൂരമായ മർദ്ദനവും ഭീഷിണിയും സഹിക്കേണ്ടിവന്നിട്ടും ചെയ്യാത്ത കുറ്റം തന്റെ മേൽ ആരോപിക്കുകയാണെന്ന നിലപാടിൽ മെബിൻ ഉറച്ചുനിന്നു. ഫ്രീക്കൻ സ്റ്റൈലിൽ മുടി വെട്ടിയ വെളുത്ത നിറവും കൈയ്യിൽ ബ്രെസ്ലെറ്റും ചരടുമുളള യുവാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള നിഗമനത്തെ തുടർന്നാണ് പൊലീസ് മെബിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട വ്യക്തിയുമാണെന്നാണ് പൊലീസിന്റെ ഭാഷ്യം. ഒരു കേസിൽ പോലും പ്രതിയാകാത്ത വ്യക്തിയാണ് മെബിൻ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലം ഇല്ലെന്ന് നാട്ടുകാർ പറഞ്ഞിട്ടും ഫലമുണ്ടായില്ല. അകാരണമായി മെബിനെ അറസ്റ്റുചെയ്ത നടപടിക്കെതിരെ അന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുട്ടാർ ജംഗ്ഷനിൽ പ്രതിഷേധയോഗവും ഒപ്പുശേഖരണവും നടത്തിയിട്ടും പൊലീസ് കുലുങ്ങിയില്ല.
ഇതിനിടെ, തെളിവ് നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് മെബിന്റെ കൂട്ടുകാരെയും ഭീഷണിപ്പെടുത്തി. മാപ്പുസാക്ഷിയാക്കാമെന്നും അല്ലെങ്കിൽ പോക്‌സൊ കേസിൽപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞെങ്കിലും ആരും മെബിനെതിരെ ആരോപണവുമായി രംഗത്തെത്തിയില്ല.
അറസ്റ്റുചെയ്യുന്ന വ്യക്തിയെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമം. മെബിനെ അടൂർ കോടതിയിൽ എത്തിച്ചത് 48 മണികൂറിനുശേഷമായിരുന്നുവെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ രത്‌നമണി സുരേന്ദ്രനും രക്ഷാധികാരി എം.ബി.ബിനുകുമാറും പറയുന്നു. 14 ദിവസത്തെ റിമാൻഡിന് ശേഷം മെബിൻ ജാമ്യത്തിൽ ഇറങ്ങിയതോടെ മാതാവ് സൂസമ്മ ഷാജി പന്തളം സി.ഐ, പത്തനംതിട്ട എസ്.പി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി. പന്തളം എസ്.ഐയുടെ നടപടി നീതിരഹിതമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഒടുവിൽ പൊലീസ് ആലപ്പുഴ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. മെബിൻ ഇതുവരെ യാതൊരുവിധ കുറ്റകൃത്യത്തിലും അകപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ സി.ആർ.പ്രമോദ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
മെബിനെ അകാരണമായി അറസ്റ്റുചെയ്ത് മാനസീകമായും ശാരീരികമായും പീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.